പാറശാല: 15,000 ഓളം നിഷേപകരിൽ നിന്നായി 600 കോടിയോളം രൂപ തട്ടിയെടുത്ത പളുകൽ നിർമ്മൽ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. നിക്ഷേപകരുടെ അഭിപ്രായം ആരാഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് നിർമ്മൽകൃഷ്‌ണ നിധി നിഷേപക സംരക്ഷണ സമിതി നേതാക്കളെ കേസ് അന്വേഷിക്കുന്ന നാഗർകോവിൽ സാമ്പത്തിക കുറ്റാന്വേഷണ ഓഫീസിലേക്ക് വിളിച്ച് വരുത്തി.

2017ൽ സ്ഥാപനം പൂട്ടി ഒളിവിൽ പോയ ഉടമ നിർമ്മലനെതിരെയുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മറ്റൊരു ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നും നിഷേപക സംരക്ഷണ സമിതി പ്രധാനമന്ത്രി, പ്രസിഡന്റ്, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിർമലന്റെ മുഴുവൻ ആസ്തികളും കണ്ടെത്താൻ നിലവിലെ ഏജൻസി തയ്യാറായിട്ടില്ലെന്നും, കണ്ടെത്തി പല സ്വത്തുക്കളും അന്വേഷണ ഏജൻസിയുടെ അനുമതി കൂടാതെ നിർമ്മലൻ ബിനാമികളുമായി ചേർന്ന് വിറ്റഴിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണ ഏജൻസി യാതൊന്നും ചെയ്യുന്നില്ലെന്നും സമിതി ആരോപിക്കുന്നു. മാത്രമല്ല നിർമ്മലൻ പലപ്പോഴായി വിദേശത്തേക്ക് പണം കടത്തിയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നില്ലെന്നും കേന്ദ്ര ഏജൻസികളായ സി.ബി.ഐയെയോ, ഇ.ഡിയെയോ അന്വേഷണ ചുമതല ഏൽപ്പിക്കേണ്ടതാണെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് സമര സമിതി നേതാക്കളെ കഴിഞ്ഞ ദിവസം കളിയിക്കാവിള സ്റ്റേഷനിൽ വിളിച്ചുവരുത്തി അറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ വീണ്ടും നാഗർകോവിലിലെ ഓഫീസിലേക്ക് എത്താൻ നിർദ്ദേശിച്ചത്.