മനുഷ്യന്റെ മസ്തിഷ്കത്തെ ബാധിക്കുന്ന വിചിത്ര അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്താനാകാതെ ശാസത്രജ്ഞർ. ന്യൂറോളജിക്കൽ സിൻഡ്രോം ഒഫ് അൺനോൺ ഈറ്റിയോളജി ( NSUE ) എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ രോഗം കിഴക്കൻ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ 50 ഓളം പേരിലാണ് കണ്ടെത്തിയത്. 2015ൽ തന്നെ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അടുത്തിടെയാണ് പുറംലോകത്തിന് മുന്നിലെത്തുന്നത്. മരിച്ചവരെ കാണുക, ഇല്ലാത്ത കാര്യങ്ങൾ കാണുക, ഉറക്കമില്ലായ്മ, കാഴ്ച പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി തോന്നുക, ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുക തുടങ്ങിയ നാഡീ സംബന്ധമായ ലക്ഷണങ്ങളാണ് ഈ രോഗത്തിന്. രോഗം സ്ഥിരീകരിച്ച ചിലർ തങ്ങൾക്ക് മരിച്ചു പോയവരെ കാണാൻ സാധിക്കുന്നതായി പറയുന്നത് ഗവേഷകരെ ആകെ വട്ടംചുറ്റിക്കുകയാണ്.
18നും 84നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് 48 പേർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇതിൽ 6 പേർക്ക് മരണം സംഭവിച്ചു. പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തരായതോടെ രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വിദഗ്‌ദ്ധർ. പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ചതാണോ അതോ ജനിതകപരമായ രോഗമാണോ എന്ന് വ്യക്തമല്ല. മൊബൈൽ ഫോൺ ടവറുകളിലെ റേഡിയേഷനാകാം നാഡീ സംബന്ധമായ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് ചിലർ വാദിക്കുന്നുണ്ട്.
ബ്ലൂ-ഗ്രീൻ ആൽഗകൾ ഉത്പാദിപ്പിക്കുന്ന ബി.എം.എ.എ, ഫംഗസ്, ന്യൂറോടോക്സിനുകൾ തുടങ്ങിയവയും സംശയനിഴലിലുണ്ട്. അതേ സമയം, ഇതൊരു പുതിയതോ കണ്ടെത്തപ്പെടാത്തതോ ആയ രോഗമല്ലെന്നാണ് ഏതാനും ഡോക്ടർമാരുടെ അഭിപ്രായം. രോഗം സ്ഥിരീകരിച്ചവരിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ വ്യതിയാനങ്ങൾ കണ്ടെത്തിയെങ്കിലും അതിന്റെ കാരണം അജ്ഞാതമാണ്. നിലവിൽ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം രോഗത്തെ പറ്റി പഠിച്ചുക്കൊണ്ടിരിക്കുകയാണ്.