തിരുവനന്തപുരം: പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനു മുമ്പ് പരിഗണനാ പട്ടികയിലുള്ള അഭിഭാഷകരെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണം നടത്തും. പൊലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്കാവും നിയമനം.
വിവിധ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സർക്കാർ നിയമ വകുപ്പിന് നിർദേശം നൽകിയതിനെ തുടർന്നാണിത്. രാഷ്ട്രീയത്തിനുപരി, അഭിഭാഷകരുടെ മികവ് നോക്കി നിയമനം നൽകും.രഹസ്യാന്വേഷണം നടത്തേണ്ട അഭിഭാഷകരുടെ പട്ടിക നിയമ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
വാളയാർ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ച സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ഓരോ സർക്കാർ വരുമ്പോഴും രാഷ്ട്രീയ പരിഗണന വച്ച് പുതിയ നിയമനം നടത്തും. മുന്നണികളിൽ വിവിധ ഘടക കക്ഷികൾ തമ്മിൽ വീതം വയ്പുമുണ്ട്. സീറ്റും, സംഘടനാ പദവിയും കിട്ടാത്തവരെ പുനരധിവസിപ്പിക്കാനും ഈ തസ്തികകൾ ഉപയോഗിക്കുന്നു. വിവിധ കേസുകളിൽ നേതാക്കളെ സഹായിച്ചവർക്കും നറുക്ക് വീഴും..