തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആവശ്യമായ വെന്റിലേറ്രർ ട്യൂബിംഗ്സ്, എൻ.എ.വി മാസ്‌ക്, ഡ്രസ്, ആന്റിബയോട്ടിക്കുകൾ എന്നിവ രോഗികൾ വാങ്ങി നൽകണമെന്ന് ആശുപത്രി അധികൃതർ. തന്റെ വാർഡിലെ ഒരു രോഗിയുടെ കാര്യം അന്വേഷിക്കാൻ വിളിച്ച നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്തിനോടാണ് ആശുപത്രിയിലെ അപര്യാപ്‌തത ജീവനക്കാർ വിശദീകരിച്ചത്.
ആരോഗ്യവകുപ്പിൽ നിന്ന് ഇവ വിതരണം ചെയ്യുന്നില്ലെന്നും രോഗികളുടെ ബന്ധുക്കളെക്കൊണ്ട് തങ്ങൾ ഇത് വാങ്ങിക്കുകയാണെന്നുമാണ് ഇവർ പറഞ്ഞത്.
ആശുപത്രി ജീവനക്കാരുമായുള്ള ഫോൺ സംഭാഷണം കരമന അജിത് സമൂഹമാദ്ധ്യമങ്ങളിലിട്ടതോടെ വൈറലായിരുന്നു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും സർക്കാർ ഉടനെത്തിക്കണമെന്ന് കരമന അജിത് ആവശ്യപ്പെട്ടു.