പാറശാല : തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ചരിത്ര പ്രാധാന്യമുള്ള മരുന്നുമാമല എന്നറിയപ്പെടുന്ന മരുത്വാമലയിൽ നിയന്ത്രണവും പരിശോധനയും കടുപ്പിച്ച് പൊലീസ്. തീർത്ഥാടന കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പൂർണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാരായണ ഗുരദേവനും വൈകുണ്ഠസ്വാമികളും ഏറെ കാലം തപസ് ചെയ്ത ഈ പുണ്യമലയിൽ ദിനംപ്രതി നൂറുകണക്കിനു സന്ദർശകരാണ് വന്നുപോയിരുന്നത്. തീർത്ഥാടന കാലമാവുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയാത്ത സാഹചര്യത്തിലാണ് പൊലീസും ഫോറസ്റ്റും ചേർന്ന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കന്യാകുമാരിയിൽ അഞ്ച് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് മരുത്വാമല സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ മരുത്വാമലയും സന്ദർശിച്ചാണ് കന്യാകുമാരിയിലേക്ക് പോകുന്നത്. സമുദ്രനിരപ്പിൽ നിന്നും 860 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലയുടെ അടിവാരത്തിൽ നിന്ന് മുകളിലേക്ക്
കയറുമ്പോൾ പാറക്കെട്ടുകൾക്കിടയിൽ ശിവപ്രതിഷ്ഠയുള്ള ചെറിയ ക്ഷേത്രം കണാൻ കഴിയും. അവിടെ നിന്നും മുകളിലേക്ക്
എത്തിയാൽ തപസ് അനുഷ്ഠിക്കുന്ന നിരവധി സന്യാസിമാരെ കണാനാകും. മലയുടെ പകുതി ഭാഗത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൊണ്ട് നിർമ്മിതമായ ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇവിടെ നിത്യപൂജകൾ നടന്നു വരുന്നുണ്ട്. രണ്ട് മലയിടുക്കുകൾ ഒരുമിച്ചുള്ള
വെളുത്ത പാറയിൽ സൂര്യപ്രകാശം പതിക്കമ്പോൾ മലകൾ സ്വർണവർണത്തിലാകുന്നത് സന്ദർശകരെ ഏറെ ആകർഷിക്കുന്നു.
ഏത് കാലാവസ്ഥയിലും ഇവിടെ മലയുടെ ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് തണുപ്പും അനുഭവപ്പെടുമെന്ന പ്രത്യേകതയുമുണ്ട്. മലകയറ്റത്തിനിടയിൽ ഒരു അരുവിയും കാണാം. ഇതിലേത് തീർത്ഥജലമായാണ് തീർത്ഥാടകർ കരുതുന്നത്. മുകളിലായാണ് ശ്രീ നാരായണ ഗുരദേവൻ ഏഴാണ്ട് തപസനുഷ്ഠിച്ച പിള്ളത്തടം എന്ന ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏറെ കാലം വൈകുണ്ഠസ്വാമികളും
തപസ് ചെയ്തിട്ടുണ്ട്. ശീലാ പാളിയിൽ നിർമ്മിച്ച ഹനുമാൻ വിഗ്രഹവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്. മരുത്വാമലയിൽ നിരവധി ഔഷധസസ്യങ്ങൾ ഉള്ളതായി പറയപെടുന്നു. മലയുടെ ഏറ്റവും ഉയരത്തിൽ നിന്നും നോക്കിയാൽ കന്യാകുമാരി ജില്ലയിലെ പ്രധാന സ്ഥലങ്ങളായ ആരുവാമൊഴി, മണകുടി ഉപ്പ് പാടം എന്നിവയും കാണാൻ കഴിയും.
പിന്നിലെ ഐതിഹ്യം
രാമരാവണ യുദ്ധത്തെ തുടർന്ന് രാമലക്ഷ്മണൻമാർക്ക് നാഗാസ്ത്രത്തിലൂടെ വിഷമേറ്റപ്പോൾ ജാമ്പവാന്റെ നിർദ്ദേശ പ്രകാരം
സഞ്ചീവനികളായ വിഷല്യ ഹരണി, സന്താന ഹരണി, സുവർണ ഹരണി എന്നിവർ മൃതസഞ്ചീവനി തേടി രിസംബ്രതി മലയിലെത്തി. എന്നാൽ ഈ ദിവ്യാഔഷധം തിരിച്ചറിയാനാകാതെ മലയിൽ അലഞ്ഞുനടന്നത്രേ. ഒടുവിൽ ഹനുമാന്റെ സഹായത്തോടെ രിസംബ്രതി മലയെ ഉയർത്തിയെടുത്ത് ലങ്കയിലേക്കു പോകുംവഴി മലയുടെ ഒരു ഭാഗം അടർന്ന് വീണതാണ് മരുന്നുമാമല എന്നാണ് ഐതിഹ്യം. ഈ മല കയറി ഇറങ്ങുന്നവരുടെ മാറാവ്യാധികൾ വിട്ടകലുമെന്നാണ് സങ്കല്പം.