bonakkad

വിതുര: അദ്ധ്യയനവർഷം ആരംഭിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും വിതുര പഞ്ചായത്തിലെ ബോണക്കാട്ട് എസ്റ്റേറ്റിലുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൽ ആപ്സന്റാണ്. ബോണക്കാട് ഒരു ഫോണിനും സാധാരണ നിലയിൽ പോലും റെയിഞ്ച് കിട്ടാറില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസിൽ തിരക്ക് കൂടുമ്പോൾ ആർക്കും ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെവരുന്നു. ഇവിടെയുള്ള വിദ്യാർത്ഥികൾ ഫോണും കൊണ്ട് നെറ്റ്‌വർക്ക് കവറേജിനായി കാട്ടാനയും കാട്ടുപോത്തും പന്നിയും വിഹരിക്കുന്ന വനാന്തരങ്ങളിൽ അലയേണ്ട അവസ്ഥയാണ് നിലവിൽ. ബോണക്കാട് ഉൾക്കാട്ടിൽ ചിലയിടങ്ങളിൽ റെയിഞ്ച് ലഭിക്കും. പക്ഷേ കാട്ടുമൃഗങ്ങൾ ധാരാളമുള്ളതിനാൽ അതിനും കഴിയില്ല. നെറ്റ് വർക്ക് കവറേജ് ലഭിക്കുന്നതിനായി ഫോണും കൊണ്ട് വനത്തിൽ കയറിയ വിദ്യാർത്ഥികളെ കാട്ടാന ഓടിച്ച സംഭവവുമുണ്ടായി. ബോണക്കാട് എസ്റ്റേറ്റ് വ‌ർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. കൂടുതൽ തൊഴിലാളികളും ഉപജീവനത്തിനായി പുറത്ത് ജോലിക്ക് പോയാണ് ജീവിതം തള്ളിനീക്കുന്നത്. പണമില്ലെങ്കിലും കടംവാങ്ങിയും പലിശക്കെടുത്തും മറ്റുമാണ് മക്കൾക്ക് പഠിക്കാനായി സ്മാർട്ട്ഫോൺ വാങ്ങിക്കൊടുത്തത്. എന്നിട്ടും കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല. കഴിഞ്ഞ വർഷവും സമാനസ്ഥിതിയായിരുന്നു. ഇതുസംബന്ധിച്ച് അനവധി തവണ മൊബൈൽഫോൺ കമ്പനികൾക്ക് എസ്റ്റേറ്റ് തൊഴിലാളികൾ നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ പ്രാവശ്യം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ബോണക്കാട്ടെത്തി വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചതോടെ ബോണക്കാട് നിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഒപ്പം കൊവിഡ് വ്യാപനവും. ഏതെങ്കിലും മൊബൈൽ കമ്പനിയുടെ ടവർ ബോണക്കാട്ട് സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂ. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള മറ്റ് സൗകര്യങ്ങളൊക്കെ നിലവിലുണ്ട്. ഫലത്തിൽ പഠിക്കാനായി വാങ്ങിയ ഫോൺ നോക്കിയിരിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

പടം

ബോണക്കാട്ടെ വിദ്യാർത്ഥികൾ