വെമ്പായം: ലോക്ക്ഡൗൺ ലംഘിച്ച് നിരവധി കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതോടെ വെമ്പായം ജംഗ്ഷനിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. തുറക്കാൻ അനുവാദമില്ലാത്ത കടകൾക്ക് മുന്നിൽ പലവ്യഞ്ജന സാധങ്ങൾ വില്പന നടത്തിയ കടകളാണ് വെഞ്ഞാറമൂട് പൊലീസ് അടപ്പിച്ചത്. ഫാൻസി കടകൾക്ക് മുന്നിൽ പച്ചക്കറികൾ വിൽക്കുകയും പുറമേ ഷട്ടറുകൾ താഴ്ത്തി അകത്ത് കച്ചവടം നടത്തുന്ന സ്ഥിതിയും ഉണ്ടായി. പൊലീസ് പരിശോധനയിൽ അയവ് വന്നതിനാലാണ് വില്പനയും ആൾക്കൂട്ടവും ഉണ്ടായത്. തുടർന്ന് വെഞ്ഞാറമൂട് എസ്.ഐ സുജിത് ജി.നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു ബി.കല്ലറ എന്നിവരുടെ നേതൃത്വത്തിൽ വെമ്പായം ജംഗ്ഷനിൽ വാഹന പരിശോധനയും നിയന്ത്രണവും കർശനമാക്കി.