കൊച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. ഒരാഴ്ചയ്ക്കകം ടെണ്ടറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ പറയുന്നു. മാർച്ച് ആദ്യവാരമാണ് കിഫ്ബിയും ഇൻകെലും ചേർന്ന് കാൻസർ സെന്റർ നിർമ്മാണത്തിനായി പുതിയ ഇ-ടെൻഡർ വിളിച്ചത്. എന്നാൽ, പല കാരണങ്ങളാൽ ടെണ്ടർ വിളിച്ചതിന് ശേഷമുള്ള പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെയാണ് ടെണ്ടർ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കൊല്ലമാണ് ഇവർക്കുള്ള കരാർ.
കെട്ടിട നിർമ്മാണം കൂടാതെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങി വൈദ്യുതി മുതലുള്ള ചെറിയ അറ്റകുറ്റ പണികൾ തീർക്കേണ്ടതുണ്ട്. ഇതിനെല്ലാമായി 152.5കോടി രൂപയുടെ ജോലികളാണ് ടെൻഡറിൽ ഉൾപ്പെടുത്തിയത്. അതോടൊപ്പം എ.സി, മെഡിക്കൽ ഗാസ് ലൈൻ, അഗ്‌നി സുരക്ഷാ മാർഗങ്ങൾ, ലിഫ്റ്റ് തുടങ്ങിയവയും കരാറുകാർ ചെയ്യണം. ഇതിനോടൊപ്പം ആശുപത്രി നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള ആർക്കിടെക്ടിനെയും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
നിർമ്മാണം ആരംഭിച്ചിട്ട് ഏഴുവർഷമായെങ്കിലും നിലവിൽ 40 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നിർമ്മാണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് സ്വകാര്യ കമ്പനിയുടെ കരാർ നിർവഹണ ഏജൻസിയായ ഇൻകെലിന്റെ കരാർ റദ്ദാക്കിയത്. 2019ൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇതിനെ തുടർന്ന് നിർമാണ ഫണ്ട് അനുവദിച്ച കിഫ്ബിയുടെ ടെക്‌നിക്കൽ വിഭാഗം നടത്തിയ പരിശോധനയിലാണ് നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.