ktr
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള റോഡിൽ കോട്ടൂർ കുമ്പിൾമൂട് പാലത്തിന് സമീപം വലിയ കുഴിവീണ നിലയിൽ.

കുറ്റിച്ചൽ: ഇത് കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ പാലത്തിന് സമീപത്തെ വിള്ളൽ. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിലേറെയായി ഈ വിള്ളൽ ഇതുപോലെ തുടരുന്നു. നാട്ടുകാർ നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പി.ഡബ്ലിയു.ഡി അധികൃതരുടെ നിലപാടിൽ കടുത്ത പ്രതിക്ഷേധത്തിലാണ് പ്രദേശവാസികൾ.

കോട്ടൂർ കുമ്പിൾ മൂട് പാലത്തിൽ അഞ്ച് മാസം മുൻപാണ് ഒരുമീറ്റർ ആഴത്തിലുള്ള വിള്ളൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ നിരവധി തവണ ആര്യനാട് എഞ്ചിനീയറെ വിവരം അറിയിക്കുകയും കുഴികൾ ഭാഗികമായി നികത്തുകയും ചെയ്തു. ഉടൻ തന്നെ പണികൾ ആരംഭിച്ചു പാലം പൂർണമായി ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ ജനങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തു. പണിക്കായി കൊണ്ടിട്ട മെറ്റൽ റോഡരുകിൽത്തന്നെ കിടപ്പുണ്ട്. പണി മാത്രം നടന്നില്ല.
പാലത്തിന് വിള്ളൽ വീണ റോഡിന്റെ ഒരുമീറ്റർ അകലത്തിൽ വീണ്ടും രണ്ടാമത്തെ കുഴി പ്രത്യക്ഷപ്പെട്ടു. പാലം അപകടത്തിലാണെന്നും ഉടൻപരിഹാരം ഉണ്ടാകണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. നാളിതുവരെ യാതൊരു നടപടിയുമില്ല.

 പ്രധാന പ്രശ്നം മണ്ണൊലിപ്പ്

കാലവർഷം കനത്തതോടെ അഗസ്ത്യ വനമേഖലയിൽ നിന്നും മലവെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതോടെ പാലത്തിന് അടിയിലുള്ള മണ്ണ് ഒലിച്ചുപോകുന്നതാണ് റോഡിൽ വിള്ളലുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി വാഹനങ്ങളാണ് ദിവസവും കുമ്പിൾ മൂട് പാലം വഴി കടന്നു പോകുന്നത്. ആനപ്പാർക്കിലേക്കുള്ളനിർമാണ സാമഗ്രികൾ വലിയ ടാങ്കർ ലോറികളിൽ കൊണ്ട് പോകുന്നത് ബലക്ഷയം സംഭവിച്ച കുമ്പിൽമൂട് പാലം വഴിയാണ്. കേരളകൗമുദി മുൻപ് ഈ അപകടാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. കാല വർഷം ഇനിയും കടുത്താൽ റോഡ് ഗതാഗതം പൂർണമായും നിലയ്ക്കാൻ സാദ്ധ്യതയുണ്ട്.

 പാലത്തിൽ വിള്ളലുകൾ വീണിട്ട് കാലങ്ങളായി.

 കുഴികൾ അടച്ചാലും വീണ്ടും വിള്ളൽ വീഴും

 പരാതി പറഞ്ഞാലും നടപടി മാത്രമില്ല


കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം, ഫോറസ്റ്റ്റെയിഞ്ച് ഓഫീസ്, ആദിവാസി സെറ്റിൽമെന്റുകൾ, കട്ടർ ആയുർവേദാശുപത്രി
എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് വലിയ ഗർത്തങ്ങൾ

നിരവധി തവണ ഇവിടെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഓരോ തവണയും പരാതി പറയുമ്പോൾ അധികൃതർ കുഴിയടയ്ക്കൽ പ്രഹസനം നടത്തുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോൾ വീണ്ടും പരാതി ഉയർന്നതോടെ ജി.. സ്റ്റീഫൻ എം..എൽ..എ സ്ഥലത്തെത്തി സന്ദർശനം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ഡബ്ല്യു.ഡി അധികൃതർക്ക് നിർദേശം നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കോട്ടൂർ ജയചന്ദ്രൻ,​ പൊതുപ്രവർത്തകൻ

ഫോട്ടോ...................കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള റോഡിൽ കോട്ടൂർ കുമ്പിൾമൂട് പാലത്തിന് സമീപം വലിയ കുഴിവീണ നിലയിൽ.