വിവാദമായതോടെ നിറുത്തിവച്ചു, തടിതപ്പി അധികൃതർ
തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിലനിൽക്കെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ അഭിമുഖം, ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതിനെത്തുടർന്ന് വിവാദമായതോടെ നിറുത്തിവച്ചു.
കൊവിഡ് വാർഡിലേക്കുള്ള സ്റ്റാഫ് നഴ്സ്, ക്ളീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് താത്കാലിക ജീവനക്കാരെ തേടിയുള്ള അഭിമുഖത്തിന് യാതൊരു നിയന്ത്രണവും അധികൃതർ പാലിക്കാത്തതിനാൽ അഭിമുഖത്തിന് നിശ്ചയിച്ച ഓൾഡ് ഓഡിറ്റോറിയത്തിലും സമീപത്തും രണ്ടായിരത്തോളം പേരാണ് തിക്കിത്തിരക്കിയത്.
തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർ.സി.സി.യിലേക്കുമെത്തിയ ആംബുലൻസുകളും മറ്രു വാഹനങ്ങളും മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. മെഡിക്കൽ കോളേജിന്റെ കാമ്പസ് കടന്ന് ആർ.സി.സിക്കും ശ്രീചിത്ര മെഡിക്കൽ സെന്ററിനും മുന്നിലേക്ക് വരി നീണ്ടതോടെ പൊലീസ് ഇടപെട്ട് അഭിമുഖം നിറുത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ആദ്യമെത്തിയ നാനൂറോളം പേർക്ക് ടോക്കൺ നൽകിയിരുന്നു. പൊലീസ് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഓട്ടോ ടാക്സികൾക്ക് അമിത കൂലി നൽകിയെത്തിയവർ ആദ്യം കൂട്ടാക്കിയില്ല. അധികൃതരുടെ ഉത്തരവാദിത്വമില്ലാത്ത നടപടികളിൽ തങ്ങളെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധവുമായി അഭിമുഖം നടക്കുന്ന ഓഫീസിലെത്തി. തുടർന്ന് വന്നവരുടെയെല്ലാം അപേക്ഷകൾ വാങ്ങുകയായിരുന്നു. രാവിലെ 11നാണ് അഭിമുഖം പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ മുതൽ തന്നെ ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. 30 ഒഴിവുകളുടെ കാര്യം അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് അഭിമുഖത്തിനുള്ള അറിയിപ്പിൽ പറഞ്ഞിരുന്നില്ല.
ജീവനക്കാർ രണ്ട് തട്ടിൽ
ചിലരുടെ പിടിവാശി കാരണമാണ് അഭിമുഖം ഇത്തരത്തിൽ നടത്തേണ്ടിവന്നതെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു. കൊവിഡ് സാഹചര്യത്തിൽ മൂന്നോ നാലോ ദിവസത്തിൽ അഭിമുഖം നടത്തണമെന്ന ഒരു വിഭാഗം ജീവനക്കാരുടെ നിർദ്ദേശം ചെവിക്കൊണ്ടില്ലെന്ന ആരോപണവുമുണ്ട്.
അധികൃതർ പറയുന്നത്
ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തി.ചിലരുടെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കിലും തിരക്കു കൂടിയതിനാൽ ഇന്റർവ്യൂ നടത്തിയില്ല. കഴിഞ്ഞതവണ നടത്തിയ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നടത്താൻ തീരുമാനിച്ചത്. മാറ്റിവച്ച അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും.