വെള്ളറട: ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ് പണിതുടങ്ങിയ പന്നിമല - ശങ്കിലി - കത്തിപ്പാറ റിംഗ് റോഡ് വർഷം നാലായിട്ടും എങ്ങുമെത്തിയില്ല. ആറരകോടി രൂപമുടക്കിയാണ് പന്നിമല റോഡ് നിർമ്മാണം തുടങ്ങിയത്. എല്ലാ ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ റോഡ് പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഏറെക്കാലം മെറ്റിൽ മാത്രമിട്ട് റോഡിലൂടെ യാത്രചെയ്ത വർക്ക് അപകടങ്ങൾ പറ്റിയപ്പോൾ വ്യാപകമായ പ്രതിക്ഷേധത്തെ തുടർന്ന് ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കി. അതിനുശേഷമുള്ള ഒരുപണിയും ഇതുവരെയും നടന്നിട്ടില്ല. റോഡിൽ ഇനി രണ്ടുഘട്ടം ടാർചെയ്യാനും ഓടയും സിഗ്നൽ സംവിധാനങ്ങളും സ്ഥാപിക്കാനുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനതയാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആറരകോടിരൂപ ചെലവഴിച്ച് റോഡ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതുതന്നെ കുരിശുമല സീസണിൽ ഈ റോഡുവഴിയും വാഹനങ്ങൾ കടത്തിവിടാമെന്ന ഉദ്ദേശ്യത്തോടുകൂടി ആയിരുന്നു. മൂന്നു തീർത്ഥാടനങ്ങൾ കഴിഞ്ഞുപോയി. എന്നിട്ടും റോഡുനിർമ്മാണം എങ്ങുമെത്തിയിട്ടില്ല. ഇപ്പോൾ റോഡിന്റെ പണി പൂർണമായും ഉപേക്ഷിച്ച മട്ടാണ്. ഒരു വർഷമായി കരാ‌റുകാരനൊ പൊതുമരാമത്ത് അധികൃതരോ തിരിഞ്ഞുനോക്കുന്നില്ല. ഒന്നാംഘട്ടമിട്ട ടാറ് പല ഭാഗത്തുനിന്നും ഇളകിതുടങ്ങി. റോഡ് പൂർണമായും പണികഴിപ്പിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാ‌രുടെ ആവശ്യം.