തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികളുടെ ലോകം വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി. മുറ്റത്തിനപ്പുറത്തേക്ക് പോകാനാകാതെ, സ്കൂളിൽ പോകാനാവാതെ, കൂട്ടുകാർക്കൊപ്പം കളിക്കാനാവാതെ, പഠനം മൊബൈൽ ഫോണിലൊതുക്കിയുള്ള കഴിഞ്ഞ ഒരു വർഷം.
ലോക്ക്ഡൗണും ഓൺലൈൻ പഠനവും കുട്ടികളിൽ മാനസിക, ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങളിൽ വ്യക്തമായിരുന്നു. ഒരു കുട്ടി മാത്രമുള്ള വീടുകളിലെ കുട്ടികളാണ് ഒറ്റപ്പെടലിന്റെ തീവ്രത കൂടുതലായി അനുഭവിക്കുന്നത്. മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് നവോന്മേഷം പകരാൻ ശാസ്ത്രീയ ഇടപെടലുകളാണ് വേണ്ടതെന്നാണ് മാനസീകാരോഗ്യവിദഗ്ദ്ധർ പറയുന്നത്.
കുട്ടികൾക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോയെന്ന് മാതാപിതാക്കൾ ചിന്തിക്കണം. എന്ന് സ്കൂളിൽ പോകാനാകുമെന്ന് പറയാനാകാത്തതിനാൽ ഓൺലൈൻ പഠനം തന്നെ തുടരേണ്ടി വരും. പഠനത്തിന്റെ അമിതഭാരം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്.
@ നിസാരമല്ല ആരോഗ്യപ്രശ്നങ്ങൾ
മൊബൈൽ ഫോണുകളിൽ നോക്കിയിരുന്നുള്ള പഠനം കുട്ടികളിൽ കണ്ണുവേദന, കണ്ണിലെ ചുവപ്പ്, കാഴ്ചകുറവ്, പിടലി വേദന, മാനസിക സംഘർഷം തുടങ്ങിയവയ്ക്ക് കാരണമാകാം. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഏകാഗ്രത കുറവ്, ഓർമക്കുറവ്, അക്രമസ്വഭാവം, അമിത ആശ്രയത്വം, ദേഷ്യം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശാരീരിക അദ്ധ്വാനം കുറയുന്നത് അമിതവണ്ണത്തിനും കാരണമാകാം. ഓൺലൈൻ ഗെയിമുകളോടുള്ള അമിത ആസക്തിയും ആപത്താണ്.
കൊവിഡ് കാലത്ത് കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകും. കുട്ടികളിലെ മാറ്റങ്ങൾ മനസിലാക്കി കൂടെയിരിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. കണ്ണിന് ആയാസകരമാകാത്ത രീതിയിലാകണം മൊബൈൽ ഉപയോഗിക്കേണ്ടത്. കണ്ണിന് ഇടയ്ക്ക് വിശ്രമം നൽകണം. തണുത്ത വെള്ളത്തിൽ മുഖം കഴുകുക, പഠനത്തിനിടയിൽ അൽപനേരം എഴുന്നേറ്റ് നടക്കുക, പച്ചപ്പിലേക്ക് ദൃഷ്ടി പതിപ്പിക്കുക, കഴുത്തിന് വ്യായാമം നൽകുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്.
@ കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങളേറുന്നെന്ന് എസ്.സി.ഇ.ആർ.ടിയുടെ പഠനം
ഡിജിറ്റൽ ക്ലാസുകൾ വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചതായി കൊവിഡ് കാലത്തെ പഠനത്തെപ്പറ്റി പഠിച്ച എസ്.സി.ഇ.ആർ.ടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ വർഷം ഓൺലൈൻ ക്ലാസ് തുടങ്ങിയതിനുശേഷം 36.05 ശതമാനം വിദ്യാർത്ഥികളിൽ തലവേദന, 28.25 ശതമാനം പേരിൽ കണ്ണിന് ക്ഷീണം എന്നിവ റിപ്പോർട്ട് ചെയ്തു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 4.39 ശതമാനം പേർ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നുണ്ട്.
ഇവരിൽ 23.44 ശതമാനം പേർക്കും വിഷാദലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്കണ്ഠയുള്ളവർ 11.16 ശതമാനമാണ്.
@ മാതാപിതാക്കൾ ശ്രദ്ധിക്കാൻ
- കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക, അവരോട് സംസാരിക്കുക
- മൊബൈൽ ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക
- വീടിനുള്ളിലോ മുറ്റത്തോ കളിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക
- ചെറുവ്യായാമങ്ങൾ ശീലിപ്പിക്കുക
- ചെറുജോലികളിൽ കുട്ടികളെയും പങ്കാളികളാക്കുക
- മധുരപലഹാരങ്ങളും വറുത്തതും പൊരിച്ചതും അമിതമാകരുത്
- മരം നടുക, പച്ചക്കറി കൃഷി, മുതിർന്നവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുക