bjp

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളെയും കുടുംബത്തെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും നീക്കം നടത്തുന്നതായി

ആരോപിച്ച് സംസ്ഥാനത്തെ 10,000ൽ അധികം കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രതിഷേധ ജ്വാല നടത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11നായിരുന്നു സമരജ്വാല.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാർഡുകളേന്തിയും പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ സമരജ്വാലയെ അഭിസംബോധന ചെയ്തു. സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടാൻ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതു കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ ആരംഭത്തിൽ തന്നെ ബി.ജെ.പിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പിണറായി വിജയൻ മമത ബാനർജിയുമായി മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ബംഗാൾ മോഡൽ ഉന്മൂലന രാഷ്ട്രീയം കേരളത്തിൽ നടപ്പിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്. തനിക്ക് ശേഷം തന്റെ മരുമോനെന്ന നയമാണ് അദ്ദേഹത്തിനെന്നും വി.മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പ്രതിഷേധ ജ്വാലയിൽ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടിയും കരമന ജയനും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.