youth-congress

തിരുവനന്തപുരം:പെട്രോൾ അടിക്കാൻ പമ്പുകളിൽ എത്തിയവർക്ക് നികുതിയായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന 61രൂപ നൽകി, ഇന്ധന വിലവർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ടാക്‌സ് പേ ബാക്ക് സമരം ശ്രദ്ധേയമായി. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിലായി 5000 പേർക്കാണ് പെട്രോൾ നികുതിപ്പണം നൽകിയത്. നികുതിയുടെ പേരിൽ സർക്കാരുകൾ നടത്തുന്ന കൊള്ളയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.

തലസ്ഥാനത്ത് ഏജീസ് ഓഫീസിന് മുന്നിലുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പെട്രോൾ അടിക്കാൻ വന്ന അഞ്ച് പേർക്ക് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര - സംസ്ഥാന നികുതിയായ 61 രൂപ വീതം നൽകിയായിരുന്നു ഉദ്ഘാടനം.

ദിവസേനയുള്ള പെട്രോൾ വില വർദ്ധന നികുതി ഭീകരതയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പെട്രോൾ വില കുതിച്ചു കയറുന്നതിന്റെ യഥാർത്ഥ കാരണം എണ്ണയുടെ വിലക്കയറ്റമല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണ്. കോൺഗ്രസ്‌ ഭരണ കാലത്ത് കേന്ദ്ര നികുതി പെട്രോളിന് 9.20 രൂപയായിരുന്നത് ഇപ്പോൾ 32 രൂപയും ഡീസലിന് 3.46 രൂപയായിരുന്നത് 31.80 രൂപയുമാണ്. ഈ നികുതി ഭീകരതയ്ക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്‌തു.

ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥൻ, എസ്.എം. ബാലു, സംസ്ഥാന ഭാരവാഹികളായ ശോഭ സുബിൻ, ഷജീർ നേമം, വീണ എസ്. നായർ, ശരത്, അനീഷ് കാട്ടാക്കട, അജയ് കുര്യാത്തി, ശംഭു പാൽക്കുളങ്ങര എന്നിവർ പങ്കെടുത്തു.