sasi

ഭരതന്നൂർ: കൊവിഡ് ഇത്തവണ കവർന്നെടുത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖത്തെ. വാമനപുരം മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന കളമച്ചൽ ശശിയുടെ ആകസ്മിക വേർപാടിന്റെ നോവിലാണ് ഭരതന്നൂർ.

കളമച്ചൽ സ്വദേശിയായ ശശിധരൻ നാല്പത് വർഷം മുമ്പാണ് അയിരൂരിലുള്ള സുമംഗലയെ വിവാഹം ചെയ്തു ഭരതന്നൂരിലെത്തിയത്. കർഷകനും പരോപകാരിയുമായ ശശിധരനെ നാട്ടുകാർ സ്നേഹത്തോടെ കളമച്ചൽ ശശിയെന്ന് പേരിട്ടു. ഭരതന്നൂരിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കത്തിനും വളർച്ചയ്ക്കും പിന്നിൽ കളമച്ചൽ ശശിയുടെ പങ്ക് വളരെ വലുതാണ്.

രാഷ്ട്രീയത്തിലും മറ്റു അധികാരസ്ഥാനങ്ങളിലും ഉന്നത പദവിയിൽ ഇരിക്കുമ്പോഴും കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയുമാണ് കുടുംബം പുലർത്തിയിരുന്നത്. ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്റായിരിക്കുമ്പോൾ തടി ലോഡിംഗിന്​ പോയ സി.​ഐ.ടി.യുക്കാരൻ, ബ്ലോക്ക്​ പ്രസിഡന്റിന്റെ ​ ഔദ്യോഗിക വാഹനമുണ്ടായിരുന്ന​പ്പോഴും ട്രാൻസ്​പോർട്ട്​ ബസിൽ യാത്ര ചെയ്യാൻ താത്പര്യപ്പെട്ട ലളിത ജീവിതശൈലി ഇതെല്ലാമാണ് ശശിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കിയത്.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാങ്ങോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പാങ്ങോട് സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം എന്നി നിലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വാമനപുരം ബ്ലോക്ക് പഞ്ചായത്തിന് ആധുനിക മുഖം ലഭിച്ചത് കളമച്ചൽ ശശി പ്രസിഡന്റായിരുന്ന സമയത്താണ്. സി.പി.എമ്മിൽ വിഭാഗീയത നിലനിന്ന കാലം വി.എസ് പക്ഷത്തായിരുന്ന കളമച്ചൽ ശശി പിന്നീട് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു.