തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജന വിരുദ്ധ നടപടികൾക്കെതിരെ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം നടത്തും.
കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും പൊതു ഇടങ്ങളിലും രാവിലെ 10 മുതൽ ഒരു മണിക്കൂർ പ്ലക്കാർഡുകളും പതാകകളും പിടിച്ചാണ് പ്രക്ഷോഭം. തിരുവനന്തപുരം നഗരത്തിൽ 11 കേന്ദ്രങ്ങളിലും ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ വി.ആർ. പ്രതാപനും, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് സി. ജയൻബാബുവും അറിയിച്ചു. രാജ്ഭവനു മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രനും ഏജീസ് ഓഫീസിനു മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപനും പ്രക്ഷോഭങ്ങൾ ഉദ്ഘാടനം ചെയ്യും.