ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെയും കെ.എസ്.എഫ്.ഇ യുടെയും സംയുക്ത പദ്ധതിയായ 'വിദ്യാശ്രീയിൽ അർഹരായ ഗുണഭോക്‌താക്കൾക്കുള്ള ലാപ് ടോപ്പ് വിതരണം ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഹയർസെക്കൻഡറി തലം വരെയുള്ള അർഹരായ വിദ്യാർത്ഥികളെ അതാത് അയൽക്കൂട്ടങ്ങൾ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. പട്ടണത്തിലെ 36 അയൽക്കൂട്ടങ്ങളിൽ നിന്ന് 111 പേർ രജിസ്റ്റർ ചെയ്തു. ശ്രീലക്ഷ്മി അയൽക്കൂട്ടത്തിലെ ബീന ശശിധരന്റെ മകൾക്കാണ് ആദ്യ ലാപ് ടോപ്പ് നൽകിയത്. പ്രതിമാസം 500 രൂപ പ്രകാരം 30 മാസം തവണ വ്യവസ്ഥയിലാണ് തുക അടയ്ക്കേണ്ടത്. സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം, മെമ്പർ സെക്രട്ടറി എസ്.എസ്. മനോജ്, അക്കൗണ്ടന്റ് ശരത് നാഥ്‌ എന്നിവർ പങ്കെടുത്തു.