vds

തിരുവനന്തപുരം: സംസാരിക്കുന്നതിനിടെ ഇടയ്ക്കുകയറാൻ ശ്രമിച്ച ഷംസീറിനോട് തട്ടിക്കയറി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതിയ പ്രതിപക്ഷ നേതാവ് ശരിയല്ലെന്നും മുൻ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടപെടാൻ അനുവദിക്കുമായിരുന്നെന്നും ക്രമപ്രശ്നവുമായി മുൻമന്ത്രി കെ.ടി.ജലീൽ. ഇതൊന്നും ക്രമപ്രശ്നമല്ലെന്ന് സ്പീക്കർ എം.ബി.രാജേഷ്.

ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാലയിൽ കോഴ്സ് തുടങ്ങാത്തതിനെക്കുറിച്ച് പ്രതിപക്ഷം ഇന്നലെ സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെയായിരുന്നു വാക്കുതർക്കം.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ ഷംസീറിനെ ഏൽപ്പിച്ചിട്ടുണ്ടോ? എങ്ങനെ നിയമസഭയിൽ പറയണമെന്ന് ഷംസീർ ക്ലാസ് എടുക്കേണ്ടെന്നും സതീശൻ തുറന്നടിച്ചു. എല്ലാ കമന്റുകളും ശ്രദ്ധിക്കാൻ പോകേണ്ടതില്ലെന്നും മൈക്ക് പ്രതിപക്ഷ നേതാവിനാണ് അനുവദിച്ചിട്ടുള്ളതെന്നും സ്പീക്കർ നിലപാടെടുത്തു. ചെയർ പറയുന്നത് കേട്ടാൽ മതിയെന്നും പ്രകോപിതനാകരുതെന്നും സ്പീക്കർ പറഞ്ഞു.

യു.ജി.സി മാർഗ നിർദേശത്തിന് വിരുദ്ധമായാണ് ശ്രീനാരായണ സർവകലാശാലയിൽ വി.സി, പ്രോ.വി.സി, രജിസ്ട്രാർ നിയമനങ്ങളെന്നും ഇതുകൊണ്ടുതന്നെ സർവകലാശാലയ്ക്ക് അംഗീകാരം നേടുക പ്രയാസമായിരിക്കുമെന്നും സതീശൻ പറഞ്ഞതാണ് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ജലീലിനെ പ്രകോപിപ്പിച്ചത്. സർവകലാശാലകളിൽ മുൻ സർക്കാർ വ്യാപകമായി അനധികൃത നിയമനം നടത്തിയെന്ന പ്രസ്താവന തന്നെയാണ് ഉദ്ദേശിച്ചതെന്ന തോന്നലിലാണ് ഷംസീറും ബഹളമുണ്ടാക്കിയത്. ഇതിന് മറുപടി പറയാൻ അവർ രണ്ടുപേരും ശ്രമിച്ചെങ്കിലും സതീശൻ വഴങ്ങിക്കൊടുത്തില്ല. സതീശന്റെ നിലപാടിനെതിരെ ഭരണനിരയൊന്നാകെ ബഹളംവച്ചു. സ്പീക്കറുടെ കർശന നിലപാടിലാണ് സഭ പിന്നീട് സാധാരണനിലയിലായത്.