തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തോടെ സെക്രട്ടേറിയറ്റിൽ കൊവിഡ് പടരാൻ തുടങ്ങി. സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം തയ്യാറാക്കുന്നതടക്കമുള്ള ജോലികൾക്ക് കൂടുതൽ പേർ എത്തിയതാണ് ഇതിനിടവരുത്തിയതെന്ന് ജീവനക്കാർ പറയുന്നു. ചോദ്യങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ 50 ശതമാനം ജീവനക്കാർക്ക് പകരം കൂടുതൽ പേരുടെ സേവനം ആവശ്യമായി.
വിദ്യാഭ്യാസ വകുപ്പിൽ ഇന്നലെ നാലു സെക്ഷനുകളിൽ രോഗം വ്യാപിച്ചു. ജി.എെ.ഡി സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും രോഗബാധിതരായി. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുമോ എന്ന ഭീതിയിലാണ്. സഭ പിരിഞ്ഞതോടെ പല ജീവനക്കാരും ലീവെടുത്തു.
നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ അതിലേറെ പരിഭ്രാന്തിയിലാണ്. സമ്മേളനത്തിനിടെ പല ജീവനക്കാർക്കും രോഗം ബാധിച്ചു. എം.എൽ.എമാരും ജീവനക്കാരുമടക്കം ഇരുനൂറിലധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ എത്രപേർ രോഗബാധിതരായി എന്നതിന് കണക്കില്ല. ഒരു മന്ത്രിക്കും എം.എൽ.എ ക്കും കൊവിഡ് ബാധിച്ചത് ജീവനക്കാരിലടക്കം ആശങ്ക ഉളവാക്കിയിരുന്നു.