v-sivankutty

തിരുവനന്തപുരം: കൊവിഡ് മൂലം മോട്ടോർ വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ഇൗ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ഉടമാതൊഴിലാളി അംശദായമായ നൂറ് കോടിരൂപ ഒഴിവാക്കി നൽകുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

ലോക്ക്ഡൗൺ കാലയളവിൽകോൺട്രാക്ട് ക്യാരേജ്,സ്റ്റേജ് ക്യാരേജ് വാഹനങ്ങൾക്ക് കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ഇൗ വർഷം മേയ് വരെയുള്ള വാഹന നികുതി ഒഴിവാക്കി നല്കുകയോ, ഒടുക്കുന്നതിന് സമയം ദീർഘിപ്പിച്ചു നൽകുകയോ ചെയ്തിട്ടുണ്ട്. ചരക്കു വാഹനങ്ങളുടെ നികുതി ഒടുക്കുന്നതിന് ഇൗ വർഷം മേയ് വരെ സമയം ദീർഘിപ്പിച്ചു നൽകുകയും സ്‌കൂൾ ബസുകളെ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ സെപ്തംബർവരെയുള്ള നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.വാഹന സംബന്ധമായ എല്ലാത്തരം രേഖകളുടെയും കാലാവധി ജൂൺ 30വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് നാളിതുവരെ1,31,069തൊഴിലാളികൾക്ക്13,10,69,000 രൂപ അനുവദിച്ചതായും കഴിഞ്ഞവർഷത്തെ അംശദായമായുള്ള 200കോടിരൂപ അടയ്ക്കുന്നതിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.