ആറ്റിങ്ങൽ: മണിയൻസ് സ്‌പീക്കിംഗ് എന്ന വീഡിയോ പരമ്പര സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തോന്നയ്‌ക്കൽ കുടവൂർ കൃഷ്‌ണാഞ്ജനയിൽ സി. മണികണ്ഠൻപിള്ള എന്ന മണികണ്ഠൻ തോന്നയ്‌ക്കൽ മൊബൈൽ ഫോണിൽ സ്വന്തമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റുചെയ്‌ത ഹാസ്യസംഭാഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്. തിരുവനന്തപുരം ഭാഷാ ശൈലിയിയിൽ മറ്റൊരാളോട് ഫോണിൽ സംസാരിക്കുന്ന രീതിയിൽ നാട്ടിലെ സംഭവങ്ങളും അബദ്ധങ്ങളും വിവരിക്കുന്നതാണ് എല്ലാ വീഡിയോകളും.
14 വീഡിയോകളാണ് മണികണ്ഠൻ ഇതുവരെ തയ്യാറാക്കിയത്. വീഡിയോകൾ വൈറലായതോടെ മണികണ്ഠൻ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലും ആരംഭിച്ചു. വില്പാട്ട് കലാകാരനായ ഇദ്ദേഹം 1000ഓളം വേദികളിൽ വില്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. അമ്പതിലധികം നാടകങ്ങളിൽ അഭിനയിച്ച മണികണ്ഠൻ 10 നാടകങ്ങളെഴുതി സംവിധാനം ചെയ്‌തു. പാരലൽ കോളേജ് അദ്ധ്യാപകൻ കൂടിയായ മണികണ്ഠൻ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഗോകുലം ആശുപത്രി ജീവനക്കാരനാണ്.