തിരുവനന്തപുരം: കളക്ടർ നവ്‌ജ്യോത് ഖോസയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ഒരുക്കുന്ന സെമി ഐ.സി.യു വാർഡിന്റെ പ്രവർത്തനം ഇനിയും വൈകും. ജോലികൾ പൂർത്തിയാകാത്തതിൽ വാർഡ് പൂർണതോതിൽ സജ്ജമാകാൻ വൈകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതിനൊപ്പം നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവവും അലട്ടുന്നുണ്ട്.

കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായപ്പോൾ ആശുപത്രിയിലെ കിടക്കകൾ മതിയാവാതെ വന്നതോടെയാണ് കളക്ടർ സെമി ഐ.സി.യു വാ‌ർഡ് സജ്ജീകരിക്കാൻ നി‌ർദ്ദേശം നൽകിയത്. പഴയ എട്ടാം വാർഡ് ഹാൾ നവീകരിച്ച് 50 കിടക്കകളുടെ സെമി ഐ.സി.യു വാർഡാണ് ഒരുക്കുന്നത്. ഉപകരണങ്ങൾ സജ്ജീകരിക്കുന്നതടക്കമുള്ള ജോലികൾ അവശേഷിക്കുന്നുണ്ട്. അഞ്ച് കിടക്കകൾക്ക് ഒരു നഴസ് എന്ന നിലയിലാണ് ആവശ്യമുള്ളതെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ മറ്റ് വാ‌ർഡുകളിൽ നിന്ന് സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ഇവിടേക്ക് നിയോഗിക്കുന്നത് വെല്ലുവിളിയാണ്. ഇതിനിടെ, കണ്ണാശുപത്രിയിലെ പുതിയ സി.എഫ്.എൽ.ടി.സിയിലേക്ക് മെഡിക്കൽ കോളേജിൽ നിന്നും ജീവനക്കാരെ നിയോഗിച്ചതും തിരിച്ചടിയായി. അതേസമയം, പേരിനെങ്കിലും രോഗികളെ പ്രവേശിപ്പിച്ച് പുതിയ വാർഡ് പ്രവർത്തനം തുടങ്ങിയെന്നു കാണിച്ച് പ്രതിഷേധം കുറയ്ക്കാൻ ശ്രമം നടത്തുന്നതായും പരാതിയുണ്ട്.

ആന്റിബയോട്ടിക് മരുന്നുകൾക്ക് ക്ഷാമം

ശ്വാസകോശ അണുബാധ തടയാൻ കൊവിഡ് രോഗികൾക്ക് നൽകേണ്ട ആന്റിബയോട്ടിക് മരുന്നുകൾക്കും വെന്റിലേറ്റർ സാമഗ്രികൾക്കും ക്ഷാമമെന്ന് വിവരം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അത്യാവശ്യമുള്ള റെംഡിസീവർ, മെറോപെനം മരുന്നുകൾക്കാണ് ക്ഷാമം. വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്കു വേണ്ട ഓക്സിജൻ, എൻ.ഐ.വി മാസ്കുകൾ, വെന്റിലേറ്റർ ട്യൂബിംഗ്സ് എന്നിവയ്ക്കും ക്ഷാമമുണ്ട്. സ്റ്റോക് തീർന്നതോടെ ഇവ വൻതുകയ്ക്കു പുറത്തുനിന്നു വാങ്ങേണ്ട ഗതികേടിലാണ് രോഗികളുടെ ബന്ധുക്കൾ. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ അനാസ്ഥയാണ് ഗുരുതര പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. റെംഡിസീവർ, മെറോപെനം ഡോസുകൾക്ക് 1000രൂപ മുതലാണ് പുറത്തെ വില. വെന്റിലേറ്ററിലെ ട്യൂബിംഗ്സും എൻ.ഐ.വി മാസ്‌ക്കും പുറത്തു നിന്നു വാങ്ങുമ്പോൾ ശരാശരി 3200 രൂപവരെയാകും. സ്വകാര്യ ഫാർമസി കളിൽ 200 രൂപയാണ് ഓക്സിജൻ മാസ്കിന്റെ വില. ഓരോ ദിവസവും മാസ്ക് മാറ്റണം. ആരോഗ്യ മന്ത്രി കെ.എം.എസ്.സി.എല്ലിന് മരുന്നുകൾ അടിയന്തരമായി എത്തിക്കണമെന്ന നി‌ർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല.