പാറശാല: പിണറായി സർക്കാരിന്റെ ബി.ജെ.പി വേട്ടയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ജ്വാലയുടെ ഭാഗമായി പാറശാല നിയോജകമണ്ഡലത്തിൽ പലയിടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബി.ജെ.പി വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ മണ്ഡലത്തിനകത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് പറഞ്ഞു. കൊല്ലയിൽ വില്ലേജ് ഓഫീസിനുമുന്നിലെ പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിപാടികളിൽ ബി.ജെ.പി ജില്ലാ വൈ.പ്രസിഡന്റ് ബിജു ബി.നായർ, സംസ്ഥാന കൗൺസിലംഗങ്ങളായ മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത് കുമാർ, മണ്ഡലം ജന.സെക്രട്ടറിമാരായ പ്രസന്നകുമാർ, എസ്.വി.ശ്രീജേഷ്, മണ്ഡലം ഭാരവാഹികൾ, മോർച്ച അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് മേഖല പ്രസിഡന്റുമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ബി.ജെ.പി പെരുങ്കടവിള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്കടവിള, മാരായമുട്ടം ജംഗ്ഷൻ, മാരായമുട്ടം ഹൈസ്കൂൾ ജംഗ്ഷൻ, ചുള്ളിയൂർ, വടകര, പഴമല, കാക്കണം, തൃപ്പലവൂർ, തത്തിയൂർ, തൂയൂർ, ആലത്തൂർ എന്നിവിടങ്ങളിലും പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു.
caption: പിണറായി സർക്കാരിന്റെ ബി.ജെ.പി വേട്ടയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാലയുടെ ഭാഗമായി കൊല്ലയിൽ വില്ലേജ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.