പാറശാല: കൊവിഡിനെ തുടർന്ന് കളിയിക്കാവിള മത്സ്യമാർക്കറ്റ് അടച്ചതിനെ തുടർന്ന് പാറശാല പഞ്ചായത്തിലെ അയ്ങ്കാമത്ത് പ്രവർത്തിച്ച് വരുന്ന അനധികൃത മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ പകർച്ച വ്യാധികൾക്ക് കാരണമാകുമെന്നതിനാൽ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് കളക്ടർ, പഞ്ചായത്ത് ഡയറക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.
തമിഴ്‍നാടിന്റെ അതിർത്തിയിൽ പ്രവർത്തിച്ചിരുന്ന കളിയിക്കാവിള മാർക്കറ്റാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും അനധികൃതമായും അതിർത്തിയിൽ പാറശാല പഞ്ചായത്തിലെ അയ്ങ്കാമത്ത് പ്രവർത്തിച്ച് വരുന്നത്. മാർക്കറ്റിന്റെ പ്രവർത്തനത്തെ തുടർന്ന് പ്രദേശത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നത് സാംക്രമിക രോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി. അനധികൃത മാർക്കറ്റിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കളക്ടർക്കും മറ്റും പരാതി നൽകിയിട്ടുള്ളത്.