തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ച് സൗകര്യം ഏർപ്പെടുത്തിയത് വഴി സർക്കാരിന് 2020 -21 കാലയളവിൽ 2,12,75,919 രൂപ വരുമാനം ലഭിച്ചെന്ന് മന്ത്റി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു. ഈ കാലയളവിൽ 192 കപ്പലുകളാണ് തുറമുഖത്തെത്തിയത്. 2020 ജൂലായ് 15നാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ച് ആരംഭിച്ചത്. കപ്പലിൽ നിന്ന് കരയിലേക്ക് ജീവനക്കാരെ കൊണ്ടുവരാനായി 3.2 കോടി രൂപ ചെലവിൽ കേരളാ മാരിടൈം ബോർഡ് ഒരു ടഗ് വാങ്ങിയിട്ടുണ്ട്. 27 ലക്ഷം രൂപ ചെലവിൽ ഫെസിലിറ്റേഷൻ സെന്ററും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നത് പാറ ലഭിക്കുന്നതിലുള്ള പ്രയാസംമൂലമാണെന്നും മന്ത്രി അറിയിച്ചു. ലോക്ക്‌ഡൗൺ നിയന്ത്റണങ്ങൾ മൂലം പരിമിതമായാണ് വിഴിഞ്ഞത്ത് നിർമ്മാണം പുരോഗമിക്കുന്നത്.
നിർമ്മാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു സ്‌പെഷ്യൽ പ്രോജക്ട് ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.