തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്ക് വായ്പയിലൂടെ അടിയന്തര സാമ്പത്തിക സഹായം നൽകുന്ന പദ്ധതി നഗരസഭ ആരംഭിക്കുന്നു. ലോക്ക് ഡൗൺ കാരണമുണ്ടായ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ആവശ്യക്കാർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാനസർക്കാർ ആരംഭിച്ച എം.എച്ച്.എൽ.എസ് പദ്ധതിയിലൂടെയാണ് ധനസഹായം നൽകുന്നത്. കൊവിഡ് സാഹചര്യത്തിൽ വരുമാനം നിലച്ചുപോയ കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. അയൽക്കൂട്ട അംഗത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിന് ആനുപാതികമായി ഒരംഗത്തിന് രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. ഒൻപത് ശതമാനം പലിശ സർക്കാർ വഹിക്കും.

നാളെ രാവിലെ 11ന് നഗരസഭയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും.