തിരുവനന്തപുരം: കേരളത്തിൽ പ്രമുഖരായ വ്യക്തികൾക്ക് എൽ.ഡി.എഫ് സർക്കാർ സ്മാരകങ്ങളുണ്ടാക്കുമ്പോൾ സി.പി.എമ്മിനും ദേശീയ സ്മാരകമുണ്ടാക്കേണ്ട ഗതികേടാണെന്ന് മുസ്ലിം ലീഗ് അംഗം പി.ഉബൈദുള്ള ധനവിനിയോഗ ബിൽ ചർച്ചയിൽ പറഞ്ഞു. സി.പി.എമ്മിനെ സി.പി.ഐ (മർഹും) എന്നു വിളിക്കേണ്ട ഗതികേടാണ് ദേശീയ തലത്തിൽ. മർഹും എന്നതിന്റെ അർത്ഥം കെ.ടി.ജലീലിനോട് ചോദിച്ചാൽ മതിയെന്നും ഉബൈദുള്ള പറഞ്ഞു. (മരിച്ചത് എന്നാണ് വാക്കിന്റെ അർത്ഥം).
പെരുമ്പാവൂരിൽ തങ്ങളെ തോല്പിക്കാനായി ട്വന്റി ട്വന്റി എൽ.ഡി.എഫിന്റെ ബി ടീമായി പ്രവർത്തിച്ചെന്ന് എൽദോസ് പറഞ്ഞു. കടം കയറിയ തറവാട്ടു കാരണവരുടെ മുഖമായിരുന്നു കഴിഞ്ഞതവണ തോമസ് ഐസക്കിനെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. എം.എൽ.എ മാരുടെ 5 കോടി ഫണ്ടിൽ നിന്ന് നാല് കോടി എടുക്കുന്ന ഇടതു സർക്കാർ കേന്ദ്രസർക്കാർ എം.പി ഫണ്ടെടുത്തപ്പോൾ അതിനെ എതിർക്കുകയായിരുന്നുവെന്ന് കെ.കെ.രമ കുറ്രപ്പെടുത്തി.
കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നപ്പോൾ പ്രതിപക്ഷം അവർക്കെല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതായി ആന്റണി ജോൺ പറഞ്ഞു. ആശുപത്രികളിലെ സൗകര്യത്തിനുപയോഗിക്കുന്ന നാല് കോടി എം.എൽ.എ ഫണ്ട് അതത് മണ്ഡലത്തിൽ തന്നെ ഉപേയാഗിക്കണമെന്ന് ജോബ് മൈക്കിൾ പറഞ്ഞു.
ഒരേപോലെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന രണ്ട് കെ.എസുമാരാണ് കേരളത്തിലെ കോൺഗ്രസിനെയും ബി.ജെ.പിയെയും നയിക്കുന്നതെന്ന് മാത്യു ടി.തോമസ് പറഞ്ഞു. ദൈവത്തിന് കമ്മ്യൂണിസ്റ്രുകാരെയാണ് വിശ്വാസം. കാഠിന്യത്തിന്റെ നാളുകളിൽ ദൈവം കമ്മ്യൂണിസ്റ്രുകാരെ കേരളം ഭരിക്കാൻ ഏല്പിച്ചു. ഇനി പിളരാൻ കോൺഗ്രസിന് ആരോഗ്യമില്ലെന്ന് കെ.യു.ജനീഷ്‌കുമാർ പറഞ്ഞു. പ്ലാന്റേഷൻ നയം നടപ്പാക്കണമെന്ന് വാഴൂർ സോമൻ ആവശ്യപ്പെട്ടു.