കോവളം: ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ സഹായിക്കാനായി കോവളം ജനമൈത്രി പൊലീസ് ആരംഭിച്ച ഇ-വിദ്യാരംഭം പദ്ധതിയിലേക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ ശിവാസ് വാഴമുട്ടം ഏഴ് മൊബൈൽ ഫോൺ നൽകി. ജന്മനാ വികലാംഗയായ വാഴമുട്ടം ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പനത്തുറ കിളിയന്റെ മുടുമ്പ് വീട്ടിൽ സന്തോഷ് കുമാറിന്റെയും രേഖയുടെയും മകൾ സന്ധ്യയ്ക്കും അനുജത്തിക്കും, വാഴമുട്ടം ഗവ.ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി നെടുമം തേരുവിള എൻ.എ ഭവനിൽ അശ്വിൻ, തിരുവല്ലം ബി.എൻ.വി വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി നന്ദന, വാഴമുട്ടം കുഴിവിള വീട്ടിൽ മത്സ്യത്തൊഴിലാളിയായ സെയ്യദ്ദലി- ശാലിനി ദമ്പതികളുടെ മക്കളായ തിരുവല്ലം ബി.എൻ.വി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വിഷ്ണു, അഭയ്ജിത്ത്, അനുജത്തി വാഴമുട്ടം ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വിദ്യ എന്നിവർക്കാണ് ഫോൺ നൽകിയത്. കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡി.സി.പി പി.എ.മുഹമ്മദ് ആരിഫ്, സ്റ്റേഷൻ എസ്.എച്ച്.ഒ രൂപേഷ് രാജ്, ശിവാസ് വാഴമുട്ടം, ജനമൈത്രി സി.ആർ.ഒ ടി.ബിജു, ബീറ്റ് ഓഫീസർ ഷിബു നാഥ് ,കേരളകൗമുദി കോവളം റിപ്പോർട്ടർ സി.ഷാജിമോൻ എന്നിവർ പങ്കെടുത്തു.