തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ പരീക്ഷകളുടെ നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് സി.എ.ജി റിപ്പോർട്ട്.
പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നിൽ രഹസ്യസ്വഭാവമില്ല. നിയമപ്രകാരം പരീക്ഷ നടത്തിപ്പിന് അക്കാഡമിക് കൗൺസിൽ ഒരു ചട്ടവും ഉണ്ടാക്കിയിട്ടില്ല. ചോദ്യപേപ്പർ അച്ചടിക്കുന്നിടത്ത് ഒരു സുരക്ഷയുമില്ല. അച്ചടിക്കുന്ന പ്രസിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിട്ടില്ല. സന്ദർശകരുടെ വിവരം സൂക്ഷിക്കുന്നുമില്ല. മൊബൈൽ ഫോണോ, എന്തെങ്കിലും റെക്കാഡിംഗ് ഉപകരണങ്ങളോ പ്രസിൽ ഉപയോഗിക്കുന്നതും വിലക്കിയിട്ടില്ല. അത് ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയേക്കുമെന്ന് ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാർ കോഡോ, മെഷിൻ നമ്പറോ ഇല്ലാതെ ശൂന്യമായ ഉത്തരക്കടലാസുകൾ അച്ചടിക്കുന്നത് മൂലം സ്വത്വം തിരിച്ചറിയാൻ സാധിക്കുന്നില്ല. ശൂന്യമായ ഉത്തരക്കടലാസുകളുടെ കണക്കുസൂക്ഷിപ്പിന് സർവകലാശാല മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുമില്ല. എന്നാൽ 2020 ഒക്ടോബർ മാസത്തിലെ എക്സിറ്റ് മീറ്റിംഗിൽ പ്രസിൽ സി.സി ടി.വികാമറകൾ സ്ഥാപിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
പൊതുമേഖലയുടെ നഷ്ടം 1222 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 1,222.06 കോടി രൂപയായി ഉയർന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്നലെ നിയമസഭയിൽ വച്ച 2019ലെ ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് 137 പൊതുമേഖലാസ്ഥാപനങ്ങളുണ്ട്. അതിൽ 16 എണ്ണം അടച്ചുപൂട്ടി. ബാക്കിയുള്ളതിൽ 53 എണ്ണം 574.49 കോടിയുടെ ലാഭവും 58 സ്ഥാപനങ്ങൾ 1,796.55 കോടി രൂപയുടെ നഷ്ടവുമുണ്ടാക്കി. രണ്ട് സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയിലുമാണ്. എട്ടു സ്ഥാപനങ്ങളുടെ കണക്ക് അന്തിമമല്ല.
ലാഭത്തിൽ മുന്നിൽ
കെ.എസ്.എഫ്.ഇ
ലാഭം നേടിയതിൽ ഒന്നാമത് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസാണ്, 144.41 കോടി രൂപ. മിനറൽ ആൻഡ് മെറ്റൽസ് 104.46 കോടിയും ബിവറേജസ് കോർപറേഷൻ 85.93 കോടിയും ലാഭമുണ്ടാക്കി.
നഷ്ടത്തിൽ മുന്നിൽ കെ.എസ്.ആർ.ടി.സിയാണ്, 1,431.209 കോടി. ടെക്സ്റ്റൈയിൽസ് കോർപറേഷന് 53.17 കോടിയുടെയും സിവിൽ സപ്ളൈസ് കോർപറേഷന് 25.91 കോടിയുടെയും ട്രാവൻകൂർ ടൈറ്റാനിയത്തിന് 23.63 കോടിയുടെയും നഷ്ടമുണ്ട്.
പൊതുമരാമത്തിൽ കോടികളുടെ
ബിറ്റുമെൻ തട്ടിപ്പെന്ന് സി.എ.ജി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ബിറ്റുമെന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന്
സി.എ.ജി റിപ്പോർട്ട്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ മാത്രം 4.36 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് സി.പി.ആനന്ദിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
സംസ്ഥാന പൊതുമരാമത്ത് റോഡ്നിർമ്മാണ ടെൻഡറിൽ ബിറ്റുമെൻ വിതരത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് വകുപ്പുതലത്തിൽ വിതരണം ചെയ്യുന്ന സാമഗ്രികളുടെ വില കുറച്ചാണ് കരാറുകാരുടെ ബില്ല് അംഗീകരിക്കേണ്ടത്. എന്നാൽ, ഇത്തരത്തിൽ വില കുറയ്ക്കാതെയും, യഥാർത്ഥ വില പരിഗണിക്കാത്ത മട്ടിലും ബിൽ അംഗീകരിച്ചാണ് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ 2019 ൽ നടന്ന 2838.29 കോടിയുടെ പൊതുമരാമത്ത് കരാറുകളിൽ 1607.08 കോടിയുടെ ജോലികൾ പരിശോധിച്ചതിലാണ് നാലരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
നേരത്തെ വകുപ്പ് തല സാമഗ്രികളുടെ പട്ടികയിൽ സിമന്റ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയതോടെ, 2012 മുതൽ സിമന്റ് ഒഴിവാക്കി. നിലവിൽ ബിറ്റ്മെൻ മാത്രമാണ് സാമഗ്രികളിലുള്ളത്.
റോഡ് റോളറുകളുടെ
പേരിലും തട്ടിപ്പ്
പ്രവർത്തിക്കാത്ത റോഡ് റോളറുകളുടെ പേരിലും പൊതുമരാമത്തിൽ വൻ തട്ടിപ്പ് നടക്കുന്നതായി സി.എ.ജി റിപ്പോർട്ടിലുണ്ട്. എട്ട് പൊതുമരാമത്ത് ഡിവിഷനുകളിലെ 86 റോഡ് റോളറുകൾ കേടായി ഉപേക്ഷിക്കപ്പെട്ടു. ഇത് ഉപയോഗിച്ചെന്ന പേരിൽ 18.34 കോടി എഴുതിയെടുത്തവർക്കതിരെ . നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
പിടിപ്പുകേട്: കെ.എസ്.ഇ.ബി
നഷ്ടം 1860 കോടി
തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്തതിനാൽ കെ.എസ്.ഇ.ബി വൻ നഷ്ടമുണ്ടാക്കിയെന്ന് ഇന്നലെ സഭയിൽ വച്ച സി.എ.ജി ഒാഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. 1860.42 കോടിയാണ് നഷ്ടം. അതേസമയം സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷൻ 5.97 കോടിയുടെയും കിനെസ്കോ പവർ ആൻഡ് യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 0.65 കോടിയുടെയും ലാഭം നേടി.
കെ.എസ്.ഇ.ബി അവരുടെ തന്നെ ജലവൈദ്യുത നയം പാലിച്ചില്ല. വേനൽകാലത്തെ പീക്ക് അവറുകളിൽ വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാതെ കൂടിയ വിലയ്ക്ക വാങ്ങിയതും വൻ നഷ്ടത്തിന് കാരണമായി. ഇടുക്കി പദ്ധതിയിലെ ആദ്യഘട്ട യൂണിറ്റുകളുടെയും ശബരിഗിരി പദ്ധതിയിലെ ഒന്ന്, രണ്ട്, മൂന്ന് അഞ്ച് യൂണിറ്റുകളുടെയും ശേഷി യഥാസമയം വർദ്ധിപ്പിക്കാത്തതു കാരണം പ്രതിവർഷം 212.04 മെഗാവാട്ട് അധിക വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള അവസരമാണ് നഷ്ടമായത്. ഇടുക്കി പദ്ധതിയുടെ ശേഷികൂട്ടൽ പദ്ധതികളിൽ 21 മാസത്തെ കാലതാമസമുണ്ടാക്കി. ശബരിഗിരി പദ്ധതിയിലെ യൂണിറ്റ് 4ന് കരാറുകാരൻ ഉറപ്പുനൽകിയ പോലെ പ്രകടനം നടത്താനായില്ല. ദീർഘമായി അടച്ചിടേണ്ടിവന്നതു മൂലം 201.60 മെഗവാട്ട് ഉത്പാദന നഷ്ടമുണ്ടാകുകയും വൈദ്യുതി വാങ്ങുന്നതിന് 59.07 കോടി രൂപയുടെ അധികച്ചെലവുണ്ടാകുകയും ചെയ്തു.