തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ പരീക്ഷകളുടെ നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് സി.എ.ജി റിപ്പോർട്ട്.
പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നിൽ രഹസ്യസ്വഭാവമില്ല. നിയമപ്രകാരം പരീക്ഷ നടത്തിപ്പിന് അക്കാഡമിക് കൗൺസിൽ ഒരു ചട്ടവും ഉണ്ടാക്കിയിട്ടില്ല. ചോദ്യപേപ്പർ അച്ചടിക്കുന്നിടത്ത് ഒരു സുരക്ഷയുമില്ല. അച്ചടിക്കുന്ന പ്രസിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിട്ടില്ല. സന്ദർശകരുടെ വിവരം സൂക്ഷിക്കുന്നുമില്ല. മൊബൈൽ ഫോണോ, എന്തെങ്കിലും റെക്കാഡിംഗ് ഉപകരണങ്ങളോ പ്രസിൽ ഉപയോഗിക്കുന്നതും വിലക്കിയിട്ടില്ല. അത് ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയേക്കുമെന്ന് ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാർ കോഡോ, മെഷിൻ നമ്പറോ ഇല്ലാതെ ശൂന്യമായ ഉത്തരക്കടലാസുകൾ അച്ചടിക്കുന്നത് മൂലം സ്വത്വം തിരിച്ചറിയാൻ സാധിക്കുന്നില്ല. ശൂന്യമായ ഉത്തരക്കടലാസുകളുടെ കണക്കുസൂക്ഷിപ്പിന് സർവകലാശാല മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുമില്ല. എന്നാൽ 2020 ഒക്‌ടോബർ മാസത്തിലെ എക്സിറ്റ് മീറ്റിംഗിൽ പ്രസിൽ സി.സി ടി.വികാമറകൾ സ്ഥാപിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
പൊതുമേഖലയുടെ നഷ്ടം 1222 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 1,222.06 കോടി രൂപയായി ഉയർന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്നലെ നിയമസഭയിൽ വച്ച 2019ലെ ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് 137 പൊതുമേഖലാസ്ഥാപനങ്ങളുണ്ട്. അതിൽ 16 എണ്ണം അടച്ചുപൂട്ടി. ബാക്കിയുള്ളതിൽ 53 എണ്ണം 574.49 കോടിയുടെ ലാഭവും 58 സ്ഥാപനങ്ങൾ 1,796.55 കോടി രൂപയുടെ നഷ്ടവുമുണ്ടാക്കി. രണ്ട് സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയിലുമാണ്. എട്ടു സ്ഥാപനങ്ങളുടെ കണക്ക് അന്തിമമല്ല.
ലാഭത്തിൽ മുന്നിൽ കെ.എസ്.എഫ്.ഇ
ലാഭം നേടിയതിൽ ഒന്നാമത് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസാണ്, 144.41 കോടി രൂപ. മിനറൽ ആൻഡ് മെറ്റൽസ് 104.46 കോടിയും ബിവറേജസ് കോർപറേഷൻ 85.93 കോടിയും ലാഭമുണ്ടാക്കി.
നഷ്ടത്തിൽ മുന്നിൽ കെ.എസ്.ആർ.ടി.സിയാണ്, 1,431.209 കോടി. ടെക്സ്റ്റൈയിൽസ് കോർപറേഷന് 53.17 കോടിയുടെയും സിവിൽ സപ്ളൈസ് കോർപറേഷന് 25.91 കോടിയുടെയും ട്രാവൻകൂർ ടൈറ്റാനിയത്തിന് 23.63 കോടിയുടെയും നഷ്ടമുണ്ട്.