പോത്തൻകോട്: പ്ലാമൂട് വാർഡിൽ അശരണ സ്ത്രീകൾക്ക് അഭയമായ കരുണാലയത്തിൽ കൊവിഡ് വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ പരിശോധനയിൽ 'നെഗറ്റിവായ' 55 വയസുള്ള കല്ലറ സ്വദേശിനിയായ അന്തേവാസി ഇന്നലെ മരിച്ചതോടെ കരുണാലയത്തിലെ സ്ഥിതി ആശങ്കാജനകമാണ്. 92 അന്തേവാസികളും സിസ്റ്റർമാരുമുള്ള ഇവിടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ക്യാമ്പ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മേയ് 31ന് നടന്ന പരിശോധനയിൽ സിസ്റ്റർമാരടക്കം 28 പേർക്കും കഴിഞ്ഞ ദിവസത്തെ ആന്റിജൻ പരിശോധനയിൽ 36 അന്തേവാസികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 91 വയസുളള വൃദ്ധയ്ക്കും അസുഖം ബാധിച്ചു. രോഗബാധയില്ലാത്തവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റണമെന്നും രോഗബാധിതർക്ക് കൃത്യമായ ചികിത്സയും ഭക്ഷണവും നൽകണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എം. ബാലമുരളി ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.