shekharan

പാറശാല: ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടിൽ സുമനസുകളുടെ സഹായവും തേടി 75 കാരൻ.

കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ ധനുവച്ചപുരം ചാരുവിളാകത്ത് കുന്നുവിള വീട്ടിൽ ശേഖരൻ (75) ആണ് സുമനസുള്ളവരുടെ സഹായം തേടുന്നത്. തയ്യൽ തൊഴിലാളിയായിരുന്നു ശേഖരൻ. ഭാര്യ പത്ത് വർഷം മുൻപ് മരിച്ചതോടെയാണ് വീട്ടിൽ ഒറ്റയ്ക്കായത്. രണ്ട് മക്കളിൽ മൂത്ത മകൻ നേരത്തെ തന്നെ മരിച്ചു. ഇളയ മകൾ വിവാഹിതയായി പ്രരാബ്ദങ്ങളുമായി കഴിയുന്നതിനാൽ ശേഖരൻ മകളെയും ബുദ്ധിമുട്ടിക്കാറില്ല. പ്രായാധിക്യം കാരണം ജോലി നഷ്ടപ്പെട്ടതോടെ വരുമാനവും നിലച്ചു.

പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വാർദ്ധക്യകാല പെൻഷൻ മാത്രമാണ് ആകെയുള്ള ആശ്രയം.

വീടിനായി പഞ്ചായത്തിലും മറ്റും അപേക്ഷകൾ നൽകി പലതവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മൺക്കൂനയാൽ നിർമ്മിച്ച് ടാർപോളിൻ കൊണ്ട് കെട്ടി മറച്ചിട്ടുള്ള വീടിന്റെ ചുവരുകളിൽ കുറെ ഭാഗം നിലംപൊത്തിയെങ്കിലും മറ്റൊരു ആശ്രയമില്ലാത്തതിനാൽ അതിനുള്ളിൽ തന്നെ കഴിയുകയാണ്. പരാധീനതകൾ കണ്ടറിഞ്ഞ പലരും സഹായിക്കാറുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയണമെന്നതാണ് ശേഖറിന്റെ ആഗ്രഹം. എന്നാൽ നാട്ടുകാരായ ചിലർ ചേർന്ന് ശേഖറിന്റെ പേരിൽ എസ്.ബി.ഐയുടെ ധനുവച്ചപുരം ശാഖയിലെ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67008934741, ഐ.എഫ്.എസ്.സി കോഡ് : SBIN0070458.

ഫോട്ടോ: ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ചോർന്നൊലിക്കുന്ന വീടിന് മുന്നിൽ നിൽക്കുന്ന വയോധികനായ ശേഖരൻ