തലശ്ശേരി: ധർമ്മടം സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിലുള്ള ഫാർമേഴ്സ് ക്ലബ്ബ് പാലയാട് ഡയറ്റ് വയലിൽ ഇത്തവണയും നെൽകൃഷി ഇറക്കി. കൃഷിയുടെ ഞാറ് നടീൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവി ഉദ്ഘാടനം ചെയ്തു. മൂന്നര ഏക്കർ വയലിൽ ഭവാനി, ജ്യോതി, പാലക്കാടൻ മെട്ട നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. നെല്ലിക്ക ശശിധരന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗങ്ങളാണ് ധർമ്മടം ബാങ്ക് ഫാർമേഴ്സ് ക്ലബ്ബിന്റെ ഭാഗമായി കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഞാറ് നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ധർമ്മടം ബാങ്ക് പ്രസിഡന്റ് ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീജ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സീമ, ഗ്രാമ പഞ്ചായത്ത് അംഗം കെ. പ്രീത, കൃഷി ഓഫീസർ സുരേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എൻ.പി. സുരേഷ് കുമാർ സ്വാഗതവും ടി.കെ. കനകരാജ് മാസ്റ്റർ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ കെ. നാരായണൻ, പി. ജനാർദ്ധനൻ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.