പൂവാർ: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ മുക്കോല മുതൽ കാരോട് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയുമെത്രകാലം കാത്തിരിക്കേണ്ടി വരുമെന്നതാണ് നാട്ടുകാരുടെ ചോദ്യം. 43 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 50 വർഷം വേണ്ടി വന്നതുകൊണ്ടാണ് നാട്ടുകാരുടെ ഈ ചോദ്യമെന്നും ആക്ഷേപമുണ്ട്. 1969ൽ തുടക്കമിട്ടതാണ് കഴക്കൂട്ടം - കാരോട് റോഡിന്റെ നിർമ്മാണം. 2020ൽ ആണ് ഒന്നാംഘട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം - മുക്കോല വരെയുള്ള 26.7 കിലോമീറ്റർ ദൂരം പൂർത്തീകരിച്ചത്. 2008ൽ ഇതിനായുള്ള പദ്ധതിരേഖ തയ്യാറായി. 2010ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. തുടർന്ന് റോഡ് നിർമ്മാണം തുടങ്ങിയതാകട്ടെ 2015ലാണ്. ഒന്നാംഘട്ടം പദ്ധതിയുടെ ചെലവ് 1120.86 കോടി രൂപയാണ്. പദ്ധതിയുടെ കരാർ കാലാവധി 2018ൽ കഴിഞ്ഞെങ്കിലും 2020 ഓക്ടോബറിലാണ് റോഡ് ഗതാഗതത്തിനായി തുറന്നത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നത് മുക്കോല മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ റോഡാണ്. എൽ ആൻഡ് ടി കമ്പനിയാണ് കരാറുകാർ. 497.08 കോടി രൂപയാണ് കരാർ തുക. ഈ റോഡ് പൂർണമായും കോൺക്രീറ്റിലാണ് നിർമ്മിക്കുന്നത്. 2016ൽ നിർമ്മാണം ആരംഭിച്ച ഈ പദ്ധതിയുടെ കരാർ കാലാവധി 2018ൽ പൂർത്തിയായിരുന്നു. കഴക്കൂട്ടം മുതൽ മുക്കോല വരെ റോഡിന്റെ ഉദ്ഘാടനം നടന്നെങ്കിലും കോവളം വരെ മാത്രമേ റോഡ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. കോവളം മുതൽ മുക്കോല വരെയുള്ള നാല് കിലോമീറ്റർ ദൂരം റോഡ് ഉപയോഗിക്കാൻ കഴിയണമെങ്കിൽ, മുക്കോല- കാരോട് റോഡ് പൂർത്തീകരിച്ച് തുറക്കേണ്ടതുണ്ട്. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം. സേലം കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുകയാണ് ഈ പാതയുടെ ലക്ഷ്യം. മുക്കോല മുതൽ കാരോട് വരെയും കാരോട് മുതൽ കന്യാകുമാരി വരെയുമുള്ള 86 കിലോമീറ്റർ റോഡിന്റെ നിർമ്മാണ ചുമതലയും എൽ ആൻഡ് ടി കമ്പനിക്ക് തന്നെയാണ്. കേരള - തമിഴ്നാട് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാനായാൽ മാത്രമേ ശരിയായ പ്രയോജനം ഇതുകൊണ്ട് ഉണ്ടാവുകയുള്ളു. എന്നാൽ തമിഴ്നാട് ഭാഗത്തെ റോഡ് നിർമ്മാണം ഇതിലും മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.
ഇഴയുന്ന നിർമ്മാണം
കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മരപ്പാലം, കോട്ടുക്കുന്നം - പൊറ്റയിൽക്കട, കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ കടുവാക്കുഴി - ചെങ്കവിള റോഡ് എന്നിവിടങ്ങളിൽ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണവും, പുന്നക്കുളം - ചപ്പാത്ത് റോഡ്, കഴിവൂർ റോഡ്, പഴയകട - പ്ലാമൂട്ടുക്കട റോഡ് എന്നിവിടങ്ങളിലെ അണ്ടർഗ്രൗണ്ട് പാസേജുകളുടെ നിർമ്മാണവും പൂർത്തിയാവുന്നതേയുള്ളൂ. നെയ്യാറിന് കുറുകെ മാവിളക്കടവിൽ പാലം നിർമ്മിച്ചെങ്കിലും റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഭൂമി ഏറ്റെടുത്തതുമായും, നഷ്ടപരിഹാരം സംബന്ധിച്ചും നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. കൊവിഡ് രോഗവ്യാപനം കാരണമുണ്ടായ പ്രതിസന്ധിയല്ലാതെ മറ്റൊരു തടസവും ഉണ്ടായിട്ടില്ല. എത്രയും വേഗം നിർമ്മാണം പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ്.
കെ.ആൻസലൻ എം.എൽ.എ.
ഫോട്ടോ: മുക്കോല-കാരോട് റോഡിലെ പഴയകട മണ്ണക്കല്ലിൽ നിന്നുള്ള ദൃശ്യം