പാലോട്: ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ശുക്രദശ തെളിഞ്ഞത് വ്യാജമദ്യ ലോബികൾക്കാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി ബിവറേജസുകൾ അടച്ചതോടെ ഇവയുടെ ആവശ്യവും വർദ്ധിച്ചു. ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഉൾവനങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രം. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ധാരാളമായുള്ള ഉൾക്കാടുകളായതിനാൽ ഇവിടെ എക്സൈസ് സംഘത്തിന് പലപ്പോഴും എത്തിപ്പെടാൻ പോലും പറ്റാറില്ല. കാടുകളിലേക്ക് മദ്യം തിരക്കി എത്തുന്നവരും ഏറെയാണ്. വ്യാജ വാറ്റ് കൂടാതെ കള്ളനോട്ടും, നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. വ്യാജമദ്യ നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളിൽ നിന്നും പാട്ടത്തിന് കൃഷിഭൂമി എടുത്ത് വ്യാജമദ്യ നിർമ്മാണം, മണലൂറ്റ്, പണം ഇരട്ടിപ്പ്, മുക്കുപണ്ടം പണയം വയ്ക്കൽ, കാട്ടുമൃഗങ്ങളെ വേട്ടയാടൽ എന്നിവയാണ് നടക്കുന്നതെന്നാണ് പരാതി. വനമേഖലയിലേത് പോലെ തന്നെ നാട്ടിൻ പുറങ്ങളിലും വ്യാജമദ്യ നിർമ്മാണവും കഞ്ചാവ് വില്പനയും തകൃതിയാണ്. പാലോട് ജംഗ്ഷനു സമീപം പുതിയതായി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് കുറച്ചു നാളായി പൊലീസ് നിരീക്ഷണം നടത്തിവരുന്നതിനിടെ രണ്ടുദിവസം മുൻപ് പാലോട് പൊലീസ് നടത്തിയ റെയ്ഡിൽ മൂന്നു പേർ പിടിയിലാവുകയും വ്യാജ ചാരായം പിടിച്ചെടുക്കുകയും ചെയ്തു. ചാരായം വാങ്ങാൻ എത്തുന്നവർ രോഗവാഹകരാണോ എന്ന ഭീതി പ്രദേശവാസികൾക്കുണ്ട്. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, കരിമ്പിൽകാല, പുലിയൂർ, വെമ്പ്, ആലുങ്കുഴി, ആലംപാറ, കൊച്ചുതാന്നിമൂട്, പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, ഞാറനീലി, അരിപ്പ , മടത്തറ, വട്ടക്കരിക്കകം, എക്സ് കോളനി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, ഉൾവനമേഖലയിലും ഇപ്പോഴും വ്യാജവാറ്റും ലഹരി ഉത്പന്നങ്ങളുടെ വില്പനയും വ്യാപകമാണ്.
** ഒപ്പം പുകയില ഉത്പന്നങ്ങളും
വ്യാജചാരായ വില്പനയ്ക്കൊപ്പം കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. എറെയും ആദിവാസികളെ ചൂഷണം ചെയ്താണ് വാറ്റ് നടത്തുന്നത്. റെയ്ഡിനിടെ എക്സൈസ് സംഘം കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നിരോധിത പുകയില ഉത്പന്നങ്ങളും ഈ പ്രദേശങ്ങളിൽ വിൽക്കുന്നുണ്ട്. വാങ്ങി ശേഖരിച്ചിരുന്നതോ, അതിർത്തി കടത്തി എത്തിച്ചതോ ആയ വിദേശമദ്യം അധിക വിലയ്ക്ക് വിൽക്കുന്നവരും ഗ്രമീണമേഖലയിൽ സജീവമാണ്.
** ലോക്ക് ഡൗൺ തുടങ്ങിയതോടെ നെടുമങ്ങാട്, വാമനപുരം എന്നീ എക്സൈസ് സർക്കിളിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജമദ്യവും വാറ്റ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു
** വ്യാജമദ്യം നിർമ്മിക്കുന്നത് തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും എക്സൈസ് ശക്തമാക്കി. എന്നിട്ടും വാറ്റ് നിർമ്മാണം തകൃതി
** ഒരു കുപ്പിനാടൻ ചാരായത്തിന്...........2000 രൂപ
ഉൾവനങ്ങളിൽ വ്യാജവാറ്റ് ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് പരിശോധനകൾ വ്യാപകമാക്കി. പരിശോധനയിൽ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. ചിലർ ഓടിരക്ഷപ്പെടുകയുമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജമദ്യ നിർമ്മാണവും വിതരണവും നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് ഇനിയും റെയ്ഡുകൾ തുടരും. ആദിവാസിമേഖലകളിലും കോളനികളിലും ശക്തമായ പട്രോളിംഗാണ് നടത്തുന്നത്.
സി.കെ. മനോജ്, സി.ഐ പാലോട്