
ഭരതന്നൂർ: കാട്ടുപന്നി കിണറ്റിൽ വീണ് ചത്തതിനെ തുടർന്ന് ദുർഗന്ധത്താൽ പൊറുതിമുട്ടി നാട്ടുകാർ. പരാതി നൽകിയിട്ടും കാട്ടുപന്നിയെ കിണറ്റിൽ നിന്ന് കരയ്ക്കെടുത്ത് സംസ്കരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാങ്ങോട് പഞ്ചായത്തിലെ പുളിക്കര വാർഡിൽ കൊച്ചാലുംമൂട്ടിൽ സ്വകാര്യവ്യക്തിയുടെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നി വീണത്. പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വാർഡ് മെമ്പറെയും വനംവകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും വന്യമൃഗമായതിനാൽ പഞ്ചായത്തിന് ഒന്നുംചെയ്യാൻ കഴിയില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. വനം വകുപ്പ് അധികൃതർ കിണറ്റിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടശേഷം കിണറുമൂടി തടിതപ്പിയെന്നും ആക്ഷേപമുണ്ട്. ജെ.സി.ബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കാട്ടുപന്നിയെ കരയ്ക്കെടുക്കാനുള്ള സാമ്പത്തികശേഷി നാട്ടുകാർക്ക് ഇല്ല. അനുദിനം ദുർഗന്ധം വർദ്ധിക്കുമ്പോൾ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.