കാട്ടാക്കട:പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വിയും മൊബൈൽ ഫോണുകളും നൽകി കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപകർ.സ്കൂളിലെ അദ്ധ്യാപക കൂട്ടായ്മ ടി.വി എത്തിച്ചപ്പോൾ സ്കൂളിൽ 1990ലെ പൂർവ വിദ്യാർത്ഥിക്കൂട്ടായ്മയായ സഹപാഠി 3 മൊബൈൽ ഫോണുകളാണ് നൽകിയത്.യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ പഠന സൗകര്യമില്ലാത്ത ഏഴ് കുട്ടികളിൽ നാലുപേർക്ക് ടെലിവിഷനും മൂന്നുപേർക്ക് മൊബൈൽ ഫോണുകളും സ്കൂളിൽ നടന്ന ചടങ്ങിൽ ഐ.ബി.സതീഷ്.എം.എൽ.എ സമ്മാനിച്ചു.സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകരായ സുഗുണൻ,ജോസ് എന്നിവർ ഓരോ ടെലിവിഷനും ബാക്കി രണ്ടെണ്ണം സ്കൂളിലെ അധ്യാപക കൂട്ടായ്മയും നൽകി.കൊവിഡ് ബാധിതരായ 19 കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റും പഠനോപകരങ്ങളും സാമ്പത്തിക സഹായവും അച്ഛൻ മരിച്ച രണ്ടു കുട്ടികൾക്ക് സാമ്പത്തിക സഹായവും അധ്യാപകരെത്തിച്ചു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, പ്രിൻസിപ്പൽ എ.ഐ.ശശികല, ഹെഡ്മിസ്ട്രസ് മീന, സ്റ്റാഫ് സെക്രട്ടറി ഹാജ,അദ്ധ്യാപകരായ ജോസ്,ശശി, സുരേഷ് എന്നിവർ പങ്കെടുത്തു.