തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്ക് വാക്സിൻ നൽകുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാപദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും,​ രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18ന് മുകളിൽ പ്രായമുള്ളവർക്കാണ് വീടുകളിലെത്തി വാക്സിൻ നൽകുന്നത്. കുറ്റിച്ചൽ, ചെമ്പൂർ, ആര്യങ്കോട്, കരവാരം, പൂഴനാട്, കരകുളം, പാലോട്, വെള്ളറട, മലയിൻകീഴ്, കടകംപള്ളി പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചു. ജില്ലയിൽ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്ത 31,146 രോഗികളിൽ 2,223 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. ഒരു മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന സംഘമാണ് വാക്സിനേഷനായി വീടുകളിൽ എത്തുന്നത്. ഒരു പഞ്ചായത്തിൽ ആറു സംഘങ്ങളെയാണ് വിന്യസിക്കുന്നത്. വാക്സിനെടുക്കുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.