തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തേയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനേയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പാലത്തിന്റെ നിർമ്മാണ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. പാലം യാഥാർത്ഥ്യമാകുന്നതോടെ വട്ടിയൂർക്കാവിൽനിന്നു പേയാട്ടേക്കുള്ള ദൂരം പത്തു കിലോമീറ്ററോളം കുറയ്ക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. പാലം നിർമാണത്തിന്റെ ഇനിയുള്ള ഘട്ടങ്ങൾ ഓരോ മാസവും ടാർഗറ്റ് നൽകിയാകും പൂർത്തിയാക്കുക. ഓരോ മാസവും എത്രത്തോളം നിർമ്മാണം പൂർത്തിയായെന്നതു സംബന്ധിച്ച് വട്ടിയൂർക്കാവ്, കാട്ടാക്കട എം.എൽ.എമാരുടെ നേതൃത്വത്തിൽ അതതു മാസങ്ങളിൽ യോഗം ചേർന്നു വിലയിരുത്തും.എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പാലത്തിന്റെ നീളം 120 മീറ്റർ
വാഹന ഗതാഗതത്തിന് 7.5 മീറ്റർ
ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്റർ വീതി
പാലത്തിന്റെ ഇരു കരകളിലുമായി 550 മീറ്റർ അപ്രോച്ച് റോഡ്