
വെഞ്ഞാറമൂട്: ചാരിറ്റി വില്ലേജിലെ ആശ്രയ തീരം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും പാട്ടിയമ്മ മടങ്ങി, മക്കളോടൊപ്പം. വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന ആശ്രയ തീരം ചാരിറ്റബിൾ ട്രസ്റ്റിൽ ലീഗൽ സർവീസ് അതോറിട്ടി മുഖാന്തിരം അഞ്ച് വർഷം മുൻപ് പളനി അമ്മ (75) എത്തുമ്പോൾ അവരുടെ നാടോ വീടോ ബന്ധുക്കളെയോ ഒന്നുമറിയില്ലായിരുന്നു. ട്രസ്റ്റിലെത്തിയതോടെ പളനി അമ്മ എല്ലാവർക്കും പാട്ടി അമ്മയായി. അനാഥത്വത്തിൽ മാനസിക വെല്ലുവിളി നേരിട്ട ഇവർ തമിഴിൽ ഇടയ്ക്ക് വിവിധ സ്ഥലപേരുകൾ സ്വന്തം സ്ഥലമായി പറയുമെങ്കിലും അവിടെയെല്ലാം അന്വേഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളെ ആരെയും കണ്ടു പിടിക്കാനായില്ല. ഒടുവിൽ തമിഴ്നാട്ടിലെ തേവർക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ഒരു മിസ്സിംഗ് കേസ് അൻപത് കിലോ മീറ്റർ അപ്പുറമുള്ള ശിവഗംഗൈയിൽ ഉണ്ടെന്ന് അറിയിച്ചതിന്റെ അന്വേഷണത്തിൽ പളനി അമ്മയുടെ മക്കളെ കണ്ടെത്തുകയുമായിരുന്നു. മൂന്ന് ആൺ മക്കളുള്ള പളനി അമ്മയെ ഒൻപത് വർഷം മുമ്പാണ് കാണാതാവുന്നത്. മക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇന്ത്യ ഒട്ടാകെ അന്വേഷിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്ന് മകൻ സൗരാജും, ബന്ധുക്കളും എത്തി നിയമപരമായ നടപടികൾക്കു ശേഷം അമ്മയെ നാട്ടിലേക്ക് കൊണ്ടുപോയി. പാട്ടി അമ്മയ്ക്ക് ആശ്രയ തീരത്ത് യാത്ര അയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം അരുണ സി.ബാലൻ ഉദ്ഘാടനം ചെയ്തു, ട്രസ്റ്റ് ചെയർമാൻ ഉവൈസ് അബ്ബാസി അദ്ധ്യക്ഷനായി, സെക്രട്ടറി ജെനി മോൻ, മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ദിൽഷ എന്നിവർ പങ്കെെടുത്തു.
82 പേരാണ് ഈ ട്രസ്റ്റിന് കീഴിലുള്ളത്. കൗമുദി ചാനലിന്റെ "ഓ മൈ ഗോഡിന്റെ 250 മത് എപ്പിസോഡ് ആഘോഷം ഇവർക്കൊപ്പമായിരുന്നു. ഈ പരിപാടി കണ്ട് തിരുവല്ല മുനിസിപ്പൽ കൗൺസിലർ ഉൾപ്പടെ നിരവധി പേരാണ് ട്രസ്റ്റിന് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.