തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കൊതുക് പെരുകാൻ സാദ്ധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുളള എല്ലാ വസ്തുക്കളും വീടിന്റെ പരിസരത്ത് നിന്ന് ഒഴിവാക്കണം.

പനി, സന്ധിവേദന, പേശിവേദന, തലവേദന എന്നിവയാണ് ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ. പനി, കടുത്ത തലവേദന, ശരീരവേദന, സന്ധി വേദന, വിശപ്പില്ലായ്‌മ, ഓക്കാനം, ഛർദി, ചർമ്മത്തിലെ തിണർപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്യരുത്. ഇ - സഞ്ജീവനിയിലൂടെ ചികിത്സ തേടാം. ലോക്ക് ഡൗൺ കാലത്ത് കൊവിഡ് ജാഗ്രതയ്‌ക്കൊപ്പം കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം കൂടി ശക്തിപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.