നാഗർകോവിൽ: തമിഴ്‍നാട് സർക്കാരിന്റെ ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊട്ടിച്ച് മദ്യക്കുപ്പികൾ കവർന്നു. നാഗർകോവിൽ കള്ളിയങ്കാട് ഇറച്ചിക്കുളം റോഡിലുള്ള ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സർക്കാർ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഔട്ട്ലെറ്റിലെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ട സമീപവാസി ഇരണിയൽ പൊലീസിന് വിവരം നൽകുകയായിരുന്നു.

സംഭവമറിഞ്ഞ് ഇൻസ്‌പെക്ടർ ജയപ്രകാശ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 70,​000 രൂപയുടെ മദ്യക്കുപ്പികൾ കവർന്നതായി ഔട്ട്ലെറ്റ് സൂപ്പർവൈസർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.