തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ലഭിച്ച അധിക ഇളവുകളിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ ജനം കൂട്ടത്തോട നിരത്തുകളിലേക്കിറങ്ങി. ഒരു ദിവസത്തെ ഇളവ് ജനങ്ങൾക്ക് ആശ്വാസമായപ്പോൾ പൊലീസിന് പൊല്ലാപ്പായി. പരിശോധയുടെ ആദ്യമണിക്കൂറുകൾ പൊലീസ് കർശനമാക്കിയെങ്കിലും ആൾക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ അയവുകൾ നൽകി. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ്,പുസ്തകം, സ്ത്രീകൾക്കായുള്ള ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടകൾ, ശ്രവണ സഹായി എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾളും മൊബൈൽ ഷോപ്പുകൾക്കും ഇന്നലെ തുറന്നു. രാവിലെ 7 മുതൽ വൈകിട്ട് ഏഴിന് സ്ഥാപനങ്ങൾ അടയ്‌ക്കുന്നത് വരെയും കടകളിൽ ആൾക്കാർ തിക്കിതിരക്കി. നീണ്ട ഇടവേളകൾക്ക് ശേഷം വാഹന ഷോറൂമുകൾ മെയിന്റനൻസ് വർക്കുകൾക്ക് മാത്രമായി രണ്ട് മണി വരെയും തുറന്നു. ജൂൺ 16 വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 20 ശതമാനത്തിന് താഴെ എത്തിയെങ്കിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. നഗരത്തിൽ ഇന്നലെ സുരക്ഷാവിലക്ക് ലംഘനം നടത്തിയ 377 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. 66 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 163 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 7 പേരിൽ നിന്നുമായി 85,000 രൂപ പിഴ ഈടാക്കി. അനാവശ്യ യാത്ര നടത്തിയ 139 വാഹനങ്ങൾക്കെതിരെയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത 2 കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. റൂറൽ മേഖലയിൽ 998 കേസുകളിൽ 561 പേർ അറസ്റ്റിലായി. 897 വാഹനങ്ങളും പിടിച്ചെടുത്തു.