നെയ്യാറ്റിൻകര: പ്രമേഹത്തെ തുടർന്ന് വൃക്കയുടെ പ്രവർത്തനശേഷി തകരാറിലായി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന് സാന്ത്വനവുമായി നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവറായ പെരുങ്കടവിള സ്വദേശി ഐ. ബാബുവിനാണ് സ്നേഹ സാന്ത്വനവുമായി സഹപ്രവർത്തകർ ഒരുമിച്ചത്. ബാബുവിന്റെ ഭാര്യയ്ക്ക് ജീവനക്കാർ സ്വരൂപിച്ച ഒരു ലക്ഷം രൂപ
സി.കെ. ഹരീന്ദ്രൻ എം.എൽ.എ കൈമാറി. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, കെ.എസ്.ആർ.ടി.സി ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ കെ.വി. രാജൻ, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ്, ജി. ജിജോ, എസ്.എസ്. ജിനു, പി.എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രേഡ് ഭേദമന്യേ ജീവനക്കാരിൽ നിന്ന് ചികിത്സാ സഹായ ഫണ്ട് സ്വരൂപിച്ചത്. കൊവിഡ് കാലത്ത് വേറിട്ട നിരവധി പ്രവർത്തനങ്ങളിലൂടെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ പ്രശംസ നേടിയിട്ടുണ്ട്.
ഫോട്ടോ: സഹപ്രവർത്തകർ സ്വരൂപിച്ച തുക ബാബുവിന്റെ ഭാര്യക്ക് സി.കെ. ഹരീന്ദ്രൻ എം.എൽ.എ കൈമാറുന്നു