വർക്കല: വർക്കല നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സർക്കാർ ഉത്തരവ് പ്രകാരം തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുളള സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്ന് പ്രവർത്തിക്കണമെന്ന് ചെയർമാൻ കെ.എം.ലാജി അറിയിച്ചു. 2ന് ശേഷം തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കും. വർക്കലയിൽ നിലവിൽ 2073 രോഗബാധിതരാണുളളത്.വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 206ഉം ഫസ്റ്റ്ലയിൻ ട്രീറ്റ്മെന്റ് സെന്ററിൽ 101ഉം ആശുപത്രിയിൽ 13ഉം ഡി.സി.സിയിൽ 3ഉം പേരാണുളളത്. വെളളിയാഴ്ച 32 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 72 ആർ.ടി.പി.സി.ആർ ടെസ്റ്റും താലൂക്ക് ആശുപത്രിയിൽ 35 ആന്റിജൻ ടെസ്റ്റും നടത്തുകയുണ്ടായി. 671 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. ഇതുവരെ 12600പേർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. നഗരസഭയിലെ 5 വാർഡുകളിൽ 20ൽകൂടുതൽ രോഗികളുണ്ട്. മൈതാനം വാർഡിൽ 30ഉം ചാലുവിളയിൽ 28ഉം രാമന്തളിൽ 26ഉം കണ്വാശ്രമത്തിൽ 23ഉം കല്ലംകോണത്ത് 20 രോഗികളുമാണുളളത്. ചാലുവിളയിൽ കഴിഞ്ഞദിവസം പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്. രോഗവ്യാപനം കൂടുതലുളള വാർഡുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന ക്യാമ്പ് നടത്തുമെന്നും രോഗവ്യാപനം തടയുവാനുളള നഗരസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.