pinarayi

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉന്നതതല സ്പെഷ്യൽടീമിനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇടുക്കിയിലെ കർഷകരുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങൾ കണക്കിലെടുത്താണ് റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയത്. സ്വന്തമായുള്ള മരം മുറിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു കർഷകരുടെ പരാതി. ഞങ്ങളെല്ലാവരും കൂടിയാലോചിച്ച് തന്നെയാണ് അതിലൊരു തീരുമാനമെടുത്തത്. രണ്ടോ മൂന്നോ വർഷം മുമ്പായിരുന്നു അത്. അതിന്റെ മറവിലാണിപ്പോൾ ഈ വിദ്യ കാണിക്കാൻ ചിലർ പുറപ്പെട്ടത്. ഏതായാലും, ആരാണോ ഉപ്പു തിന്നത്, അവർ വെള്ളം കുടിക്കും എന്നുള്ളതാണ് ഇപ്പോൾ വരുന്ന അനുഭവം. അവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കർക്കശമായ നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ് അന്വേഷണം നടക്കട്ടെ- മുഖ്യമന്ത്രി വ്യക്തമാക്കി.

 പി.ടി. തോമസിന്റേത് വീണിടത്തെ വിദ്യ

മരംമുറി കേസിലെ പ്രതിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം പി.ടി. തോമസ് എം.എൽ.എ ഉയർത്തിക്കാട്ടിയതിനെപ്പറ്റി ചോദിച്ചപ്പോൾ, അത് താനും അയാളും തമ്മിലുള്ള രഹസ്യ കാഴ്ചയല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാർട്ടിപത്രത്തിന്റെ പരിപാടിയിൽ അദ്ദേഹവുമുണ്ടായിരുന്നുവെന്നതാണ് കാര്യം. അതെങ്ങനെയാണ് താനും അയാളും തമ്മിലുള്ള ബന്ധമായി വരും?

നേരത്തേ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മുഖ്യമന്ത്രി അതിനെ അവഗണിച്ചുവെന്ന് പി.ടി. തോമസ് ആരോപിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെ പല ചോദ്യവും അയാൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. "വീണിടത്ത് കിടന്ന് കാണിക്കുന്ന വിദ്യയാണല്ലോ. അതല്ലല്ലോ ഇതിനകത്തെ പ്രശ്നം. മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞ കാര്യം തെറ്റിയെന്ന് കണ്ടപ്പോൾ വേറൊരു കാര്യം കണ്ടെത്താൻ ശ്രമിച്ചതല്ലേ"- മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.