general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ തീയ്യന്നൂർക്കോണം കുളം കാടുകയറി നശിക്കുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ. വാർഡിലെ തന്നെ രണ്ടാമത്തെ പ്രധാനനീർത്തടമായ ഈ കുളമാണ് കൃഷിക്ക് ഏറെയും ആശ്രയിക്കുന്നത്. കുളത്തിന്റെ സൈഡ് ഭിത്തികൾ ഇടിഞ്ഞ നിലയിലാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ചെലവിട്ട് കുളിക്കടവ് നവീകരിച്ചെങ്കിലും ഇടിഞ്ഞുവീണ സൈഡ് ഭിത്തി സംരക്ഷിച്ച് നിലനിറുത്താൻ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അശാസ്ത്രീയമായിട്ടാണ് കുളത്തിന്റെ പുനഃരുദ്ധാരണം പൂർത്തീകരിച്ചത്. യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പാക്കാതെയാണ് ഫണ്ട് വിനിയോഗം നടത്തിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കുളത്തിന്റെ നാല് ഭാഗത്തും വാഴത്തോട്ടങ്ങളാണ്. നെയ്യാ‍ർ ഇറിഗേഷന്റെ വലതുകനാലിൽ നിന്നും കൈചാനൽവഴിയാണ് ഈ കുളത്തിലേക്ക് വെള്ളമെത്തുന്നത്. ഒരു വർഷത്തിലേറെയായി കുളം കാടുകയറി അരക്ഷിതാവസ്ഥയിലാണ്. ചെളിയും പായലും കൊണ്ട് മൂടിയതിനാൽ കുളം നിലവിൽ ഉപയോഗശൂന്യമാണ്. ഗാർഹിക ആവശ്യങ്ങൾക്കും കൃഷിക്കും ഈ കുളത്തിലെ വെള്ളമാണ് കാലങ്ങളായി ഉപയോഗിച്ചിരുന്നത്.

 കുളത്തിന്റെ സൈഡ് ഭിത്തികൾ ഇടിഞ്ഞ നിലയിലാണ്.

 കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുളിക്കടവ് നവീകരിച്ചെങ്കിലും സൈഡ് ഭിത്തി പഴയതുപോലെ തന്നെ

 ന‌ീർത്തട സംരക്ഷണം പാളി

ബാലരാമപുരം പഞ്ചായത്തിൽ കഴിഞ്ഞ ഇടതുഭരണസമിതി അധികാരത്തിലെത്തി ആദ്യഘട്ടത്തിൽ കുളം സംരക്ഷണത്തിന് മുൻഗണന നൽകിയിരുന്നു. പഞ്ചായത്തിലെ പതിനഞ്ചോളം കുളങ്ങളാണ് സംരക്ഷിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന കയർഫെഡ്ഡുമായി സഹകരിച്ച് കുളത്തിന്റെ നാലുവശങ്ങളിലും കയർവിരിപ്പ് പാകി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ കുളത്തിൽ വീണ്ടും കാടുമൂടി. കയർ ഫെഡ്ഡുമായി സഹകരിച്ച് നടപ്പാക്കിയ നീർത്തട സംരക്ഷണം പാളുകയായിരുന്നു.

 നീർത്തടങ്ങൾ മാലിന്യ കേന്ദ്രങ്ങൾ

കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നീർത്തട സംരക്ഷണം വിജയം കണ്ടിരുന്നു. എന്നാൽ ബാലരാമപുരം പഞ്ചായത്തിൽ ഭൂരിഭാഗം നീർത്തടങ്ങളും കാട് കയറി നശിക്കുകയാണ്. തേമ്പാമുട്ടം പുത്രക്കാട്ടെ കാട്ടുകുളം മാലിന്യവാഹിയാകുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. ബാലരാമപുരം പഞ്ചായത്തിലെ നീർത്തടങ്ങൾ മാലിന്യം തള്ളുന്ന സ്ഥിരം സങ്കേതങ്ങളായിമാറുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നീർത്തട സംരക്ഷണത്തിന്റെ ഭാഗമായിട്ടുള്ള ഫണ്ട് വിനിയോഗവും താളം തെറ്റുകയാണ്. ബാലരാമപുരം പഞ്ചായത്തിലെ കുളങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും സന്നദ്ധ സംഘടനകളും പഞ്ചായത്തിന് നിവേദനം നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ്.

കിസാൻ പദ്ധതിവഴി നീർത്തടസംരക്ഷണവും കർഷകരുടെ ഉന്നമനവുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം നീർത്തടങ്ങൾ ഉപയോഗശൂന്യമാവുകയാണ്. എല്ലാ വാർഡുകളിലും നീർത്തട സംരക്ഷണ ജാഗ്രത സമിതികൾ വിളിച്ചുചേർത്ത് അടിയന്തര നടപടി സ്വീകരിക്കണം.

പുന്നക്കാട് ബിജു,​ ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്,​

ബാലരാമപുരം പഞ്ചായത്ത് ഇടതുഭരണസമിതി നീർത്തട സംരക്ഷണത്തിന് മുൻഗണന നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാട്കയറി നശിക്കുന്ന കുളങ്ങൾ നവീകരിച്ച് നീന്തൽ കേന്ദ്രങ്ങളാക്കാനും മത്സ്യപരിപാലനം തുടങ്ങിയ ആരംഭിക്കാനും പഞ്ചായത്ത് ചർച്ച ആരംഭിച്ചു. ആദ്യഘട്ടത്തിൽ പുത്രക്കാട് കുളം നീന്തൽ കേന്ദ്രമാക്കി മാറ്റും. ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കാനും ആലോചനയുണ്ട്.

വി.മോഹനൻ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്.

ഫോട്ടോ -തീയ്യന്നൂർക്കോണം കുളം കാട്കയറിയ നിലയിൽ