muttil-tree-felling

തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി വിവാദത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയും പിന്നാലെ തിരിച്ചെടുത്തും വനം വകുപ്പ്. ഇന്നലെ ഉച്ചയോടെയാണ് മുട്ടിൽ മരം മുറി പുറത്തു കൊണ്ടുവന്ന വയനാട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ പി.ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നു മാറ്റി വനം വകുപ്പ് ഉത്തരവിറക്കിയത്. വിവാദമായതോടെ മന്ത്രി ഇടപെട്ട് ധനേഷിനെ അന്വേഷണ സംഘത്തിൽ ഉൾപെടുത്തി.

മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരേ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് ധനേഷിനെ മാറ്റി ചുമതല പുനലൂർ ഡി.എഫ്.ഒ ബൈജു കൃഷ്‌ണന് നൽകിയത്. പ്രതി പിന്നീട് ആരോപണം പിൻവലിച്ചിരുന്നു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ,എറണാകുളം മേഖലകളിലെ മരം കൊള്ള അന്വേഷിക്കുന്ന അഞ്ചംഗ സ്ക്വാഡിന്റെ തലവനായ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസറ്റ് (വിജിലൻസ്)​ മേധാവിയെ അസിസ്റ്റ് ചെയ്യുകയാണ് ധനേഷിന്റെ പുതിയ ചുമതല.ആദ്യം എറണാകുളം, തൃശൂർ ജില്ലകളിലെ കേസന്വേഷണ സംഘത്തിലായിരുന്നു ധനേഷ്.

ധനേഷിനെ മാറ്റിയത് അറിഞ്ഞില്ലെന്നാണ് ഇന്നലെ ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മന്ത്രി വാദിച്ചു. മാദ്ധ്യമങ്ങൾ പറഞ്ഞ് സ്വന്തം വകുപ്പിലെ വിവരങ്ങൾ അറിയേണ്ടിവന്നതോടെ വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ക്ഷുഭിതനായി.വകുപ്പ് മേധാവികളെ ഫോണിൽ ബന്ധപ്പെടുകയും ധനേഷിനെ തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയും മന്ത്രി ചെയ്തു.

പുതുതായി കോതമംഗലം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ അജു വർഗീസിനെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.ഈ മാസം 22 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം