തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെയും ശുചീകരണത്തിന്റെയും പേരിൽ സോണൽ ഓഫീസുകളിൽ നിന്ന് തോന്നുംപടി ചെലവ് എഴുതിവിടുന്ന രീതി അവസാനിപ്പിക്കുന്നു. മെയിൻ ഓഫീസിലെ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ചെലവുകൾ ക്രോഡീകരിച്ച് ഒറ്റഫയലായി ഏകീകരിക്കാനാണ് തീരുമാനം.
ലോക്ക് ഡൗൺ കാലത്ത് നടന്ന പൊങ്കാലയുടെ പേരിൽ വൻതുക പാഴാക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണിത്. നിലവിൽ വിവിധ സോണൽ ഓഫീസുകളിൽ നിന്ന് പ്രത്യേക ഫയലുകളായാണ് ചെലവ് കണക്കുകൾ ലഭിക്കുക. പൊങ്കാല കഴിഞ്ഞ് മാസങ്ങൾക്കുശേഷമാണ് ഇവ കൗൺസിൽ അംഗീകാരത്തിനെത്തുന്നത്. ഇതിനെല്ലാം മുൻകൂർ അനുമതിയും നൽകിയിട്ടുണ്ടാവും. ഇത്തവണയും പൊങ്കാല കഴിഞ്ഞുള്ള ശുചീകരണ ദിവസത്തെ വാഹന വാടകയും ഭക്ഷണത്തിന്റെ ചെലവും പോലും രണ്ട് ഫയലുകളായാണ് എത്തിയത്.
വാഹന വാടക വിവാദമായതോടെ ഭക്ഷണച്ചെലവ് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മാറ്റിവച്ചു. ചെലവുകൾ ഒറ്റ ഫയലാക്കുന്നതോടെ ക്രമക്കേടുകൾ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ഓരോ വർഷവും ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടിയും ശുചീകരണത്തിനുള്ള വാഹനങ്ങളുടെ വാടക, താത്കാലിക ശുചീകരണ തൊഴിലാളികൾക്കുള്ള ചെലവ്, കൺട്രോൾ റൂം, കുടിവെള്ള വിതരണം, ഭക്ഷണച്ചെലവ്, താത്കാലിക ശൗചാലയങ്ങൾ, പൊങ്കാല പൂർവ ശുചീകരണം തുടങ്ങി ഓരോ വർഷവും ലക്ഷങ്ങളാണ് കോർപ്പറേഷൻ ചെലവഴിക്കുന്നത്. മുൻകൂർ അനുമതി നൽകിയും അല്ലാതെയും തുകയെല്ലാം പാസാക്കുന്നതായിരുന്നു പതിവ്. എന്നാൽ മുൻവർഷങ്ങളിലെ പോലെ കണക്ക് എഴുതിയപ്പോൾ പൊങ്കാല നടന്നിട്ടില്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറന്നതാണ് പിടിവീഴാൻ കാരണമായത്.