covid

പാലക്കാട്: കൊവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാൻ കുടുംബശ്രീ സജ്ജമായി. രണ്ടാംതരംഗത്തിന് ശേഷം മൂന്നാംതരംഗം വരികയാണൈങ്കിൽ ഇതിനെ നേരിടുന്നതിനായി 'മിഷൻ കൊവിഡ് 2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം' എന്ന
പ്രതിരോധ ബോധവത്കരണ കാമ്പയിനാണ് കുടുംബശ്രീ ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, കില എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കൊവിഡ് രോഗം, അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, വയോജനങ്ങൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവരുടെ സംരക്ഷണം, ഭക്ഷണക്രമങ്ങൾ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ നൽകിയിട്ടുള്ള അവബോധം കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിൻ വഴി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും ഓരോ കുടുംബത്തിലേക്കും എത്തിക്കും. കാമ്പയിൻ പ്രവർത്തകർക്ക് സഹായകരമാകുന്ന വിവിധ കൈപുസ്തകവും കില തയ്യാറാക്കിയിട്ടുണ്ട്. സി.ഡി.എസ് ചെയർപേഴ്സൺ, സി.ഡി.എസ് അക്കൗണ്ടന്റ്, റിസോഴ്സ് പേഴ്സൺ എന്നിവർ ഉൾപ്പെടുന്ന ടീമിന്റെ നേതൃത്വത്തിലാണ് ഓരോ തദ്ദേശസ്ഥാപനത്തിലും പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

കിലയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഈ പ്രവർത്തകർ, അയൽക്കൂട്ടങ്ങളിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ള അഞ്ചംഗഭരണസമിതി അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബശ്രീ റെസ്‌പോൺസ് ടീം (കെ.ആർ.ടി) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഇവർക്കാവശ്യമായ പിന്തുണകൾ ജില്ലാ മിഷനുകൾ ലഭ്യമാക്കും. ഒരു റിസോഴ്സ് പേഴ്സണ് രണ്ട് സി.ഡി.എസുകളുടെ ചുമതല ഉണ്ടാവും. കൂടാതെ അതാത് വാർഡിലെ എ.ഡി.എസ് ഭാരവാഹികൾ, എ.ഡി.എസ് ടീം എന്നിവരും ക്യാമ്പെയിന്റെ ഭാഗമായി പ്രവർത്തിക്കും. രണ്ടാംതരംഗത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം രൂക്ഷമാവുകയും രോഗബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ പ്രതിരോധ ക്യാമ്പയിനുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

മൂന്നു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലേക്ക് കൊവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ച് ഓരോ വ്യക്തിയേയും സുരക്ഷിതരാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയിലും പ്രവർത്തനം വിലയിരുത്തും.

പി.സെയ്തലവി,

കുടുംബശ്രീ മിഷൻ

ജില്ലാ കോ ഓർഡിനേറ്റർ, പാലക്കാട്